തിരുവനന്തപുരം: നാട് ഓടുമ്പോൾ നടുവേ ഓടുന്ന സ്ഥാനാർത്ഥികളും പുത്തൻ ട്രെന്റിനനുസരിച്ച് അതിവേഗം ബഹുദൂരം മുന്നേറുന്നു എന്നതിന് തെളിവാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സാമൂഹിക മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന സ്റ്റാറ്റസ് വീഡിയോകളും പ്രചാരണ പോസ്റ്റുകളും. സാമൂഹിക മാദ്ധ്യമങ്ങളായ വാട്ട്സാപ്പും ഫേസ്ബുക്കുമൊക്കെയാണ് ഇതിനായി സ്ഥാനാർത്ഥികൾ ആശ്രയിക്കുന്നത്. സ്ഥാനാർത്ഥികളും സർവ്വ ഗുണങ്ങളും വിളിച്ചോതുന്ന കാച്ചിക്കുറുക്കിയ മുപ്പത് സെക്കന്റിന്റെ വീഡിയോകളാണ് ഇതിൽ പ്രധാനം.
അണികൾ വാട്ട്സാപ്പിൽ സ്റ്റാറ്റസാക്കിയും ഫേസ്ബുക്കിൽ സ്റ്റോറിയാക്കിയും ഇവ വോട്ടർമാരിലെത്തിക്കും. കാര്യം സിമ്പിൾ. ആയിരക്കണക്കിനാളുകളിലേക്ക് ഇവ നിമിഷ നേരം കൊണ്ടത്തുന്നു. കാസർകോട് മുതൽ ഇങ്ങ് തിരുവനന്തപുരം വരെയുള്ള എല്ലാ സ്ഥാനാർത്ഥികളും ഇത്തരത്തിൽ വീഡിയോ സ്റ്റോറികൾ പടച്ചുവിടുന്നുണ്ട്. എല്ലാ സ്ഥാനാർത്ഥികൾക്കും ഇതിനായി രാപകൽ അദ്ധ്വാനിക്കുന്ന പ്രത്യേക സോഷ്യൽമീഡിയ ടീമുമുണ്ട്.
അടുത്തത് ഫേസ്ബുക്ക് പോസ്റ്റുകളുടെ വരവാണ്. വോട്ടറുടെ ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റ് മതി ഒരു സ്ഥാനാർത്ഥിയുടെ തലവര തിരുത്തിക്കുറിക്കാൻ ! കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നിന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി വോട്ടറെ. കാര്യം സത്യമാണ്. മീ ടൂ അടക്കം കാമ്പെയിനുകളിൽ വമ്പൻമാരെ ഒരു ഫേസ്ബുക്കിലൂടെ നെടുക പിളർത്തിയ കഥകൾ നമ്മൾ ഒരുപാട് കണ്ടതാണ്. ഇന്നത്തെ ന്യൂജെൻ കാലത്ത് വോട്ടുപിടിക്കാൻ അടാറ് പുത്തൻ വിദ്യകൾ തന്നെ വേണം.
തിരഞ്ഞെടുപ്പ് കമ്മിഷൻ സാമൂഹിക മാദ്ധ്യമങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളൊക്കെ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫ്ളക്സ് ബോർഡിന് ഏർപ്പെടുത്തിയ നിയന്ത്രണം കണക്കെ നിയന്ത്രണം അതിന്റെ വഴിക്കും, സ്ഥാനാർത്ഥികൾ അവർക്കിഷ്ടമുള്ള വഴിക്കുമെന്ന രീതിയിൽ പ്രചാരണം മുന്നോട്ട് പൊയ്ക്കോണ്ടിരിക്കുകയാണ്. സാമൂഹിക മാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന്റെ ചെലവുകളും പ്രചാരണ മാർഗങ്ങളും കമ്മിഷന് മുമ്പിൽ ഹാജരാക്കണമെന്നും പരസ്യങ്ങൾ, വിശദാംശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയും കമ്മിഷനെ ബോധിപ്പിക്കേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അണികളുടെ ഇമ്മാതിരി സ്നേഹപ്രകടനങ്ങൾക്ക് നമ്മളെന്ത് പിഴച്ചെന്ന് ചോദിച്ച് തടിതപ്പുകയാണ് സ്ഥാനാർത്ഥികൾ.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അക്ഷരമാദ്ധ്യങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഓൺലൈൻ മാദ്ധ്യമങ്ങൾക്കും വേണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. മണ്ഡലത്തിലെ വീടുകൾ തോറും കയറിയിറങ്ങി ഓരോ വോട്ടറെയും കണ്ട് കുശലാന്വേഷണങ്ങൾക്കും കെട്ടിപ്പിടിത്തങ്ങൾക്കും ശേഷം വോട്ട് ചോദിച്ച് ആശീർവാദങ്ങൾ ഏറ്റുവാങ്ങി മുന്നേറുന്ന പഴയ സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പുമല്ല ഇപ്പോഴെന്ന് ചുരുക്കം.