തിരുവനന്തപുരം : എയർപോർട്ടിന് സമീപം പ്രധാനമന്ത്രി ആവാസ് യോജനയുൾപ്പെടെയുള്ള ഭവന നിർമ്മാണ പദ്ധതികളുടെ ഭാഗമായി വീട് പണിയാനിറങ്ങിയവർക്ക് വീണ്ടും ഇരുട്ടടി. എയർപോർട്ടിൽ നിന്നുള്ള എൻ.ഒ.സി ഗുണഭോക്താക്കൾക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്നു.
എൻ.ഒ.സി ചെലവ് നഗരസഭയും എയർപോർട്ട് അതോറിട്ടിയും ചേർന്ന് വഹിക്കുമെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. അതേസമയം പദ്ധതി ഗുണഭോക്താക്കളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കഴിഞ്ഞവർഷം ജൂലായ് രണ്ടിന് എയർപോർട്ട് അതോറിട്ടി ചെയർമാൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. പദ്ധതി ഗുണഭോക്താക്കളുടെ എൻ.ഒ.സി ചെലവിന്റെ പകുതി എയർപോർട്ട് അതോറിട്ടി വഹിക്കാമെന്ന് വ്യക്തമാക്കി കത്തിന് തുടർനടപടികൾ ഉണ്ടായിട്ടില്ല.
ഇതിനിടെ എൻ.ഒ.സി ലഭ്യമാക്കുന്നതിനുള്ള സൈറ്റ് എലിവേഷൻ തയ്യാക്കുന്ന ഏജൻസികളിൽ നിന്നു നഗരസഭ ടെൻഡർ ക്ഷണിച്ചിരുന്നു. മൂന്ന് സ്ഥാപനങ്ങൾ ടെൻഡറിൽ പങ്കെടുത്തു. ഇതിൽ 4000 രൂപ സമർപ്പിച്ച ഏജൻസിയെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യങ്ങളൊന്നും എയർപോർട്ട് അതോറിട്ടിയെ നഗരസഭ അറിയിച്ചിട്ടില്ലെന്നാണ് വിവരം. ഇതോടെ നഗരസഭയുടെ ഭാഗത്തു നിന്ന് അറിയിപ്പ് കിട്ടിയാലുടൻ തുടർ നടപടികളുമായി മുന്നോട്ട് പോകാമെന്ന നിലപാടിലാണ് എയർപോർട്ട് അതോറിട്ടി. റെഡ്സോൺ പരിധിയിൽ 400ഓളം പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കളാണ് വീട് പൂർത്തിയാക്കി ടി.സിക്കായി കാത്തിരിക്കുന്നത്. എയർപോർട്ട് എൻ.ഒ.സി കിട്ടിയാൽ മാത്രമേ ടി.സിയും പദ്ധതിയുടെ അവസാന ഗഡുവായ 80000 രൂപയും ലഭിക്കൂ. 500 ഗുണഭോക്താക്കൾ കെട്ടിട നിർമ്മാണ അനുമതിക്കായും കാത്തിരിപ്പിലാണ്.
എയർപോർട്ടിനും നഗരസഭയ്ക്കും ആശയക്കുഴപ്പം
പാവപ്പെട്ടവൻ എൻ.ഒ.സി ഉടൻ കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോൾ വിഷയത്തിൽ നഗരസഭ ഉദ്യോഗസ്ഥർക്കും എയർപോർട്ട് അധികൃതർക്കുമിടയിൽ അവ്യക്തത. എൻ.ഒ.സി ചെലവ് തുല്യമായി വീതിക്കണമെന്ന എയർപോർട്ട് അതോറിട്ടിയുടെ നിർദേശം ലഭിച്ചതിന് പിന്നാലെ നടപടി സ്വീകരിച്ചെങ്കിലും ആകെ ചെലവ് 35 ലക്ഷത്തോളം രൂപ വരുമെന്നും തുകയുടെ കാര്യത്തിൽ എയർപോർട്ട് അതോറിട്ടി അധികൃതർ ഉറപ്പ് നൽകിയിട്ടില്ലെന്നും നഗരസഭ ചീഫ് എൻജിനിയർ രാജൻ പറഞ്ഞു.
അതോറിട്ടിയിൽ നിന്നു ഉറപ്പ് ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മാസങ്ങൾക്ക് മുമ്പേ തങ്ങളുടെ നിലപാട് ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും നഗരസഭയാണ് നടപടികൾ സ്വീകരിക്കേണ്ടതെന്നും എയർപോർട്ട് ഡയറക്ടർ സി.വി. രവീന്ദ്രനും വ്യക്തമാക്കി. പദ്ധതി ഗുണഭോക്താക്കളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണവകുപ്പ് ഓംബുഡ്സമാൻ മുമ്പാകെ ബിൾഡിംഗ് ഡിസൈനേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കവടിയാർ ഹരികുമാർ നൽകിയ പരാതിയിൻമേലും എയർപോർട്ട് അതോറിട്ടി ഇതേ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഇന്നലെ സത്യവാങ്ങ്മൂലം സമർപ്പിച്ചു.
റെഡ്സോൺ ഇങ്ങനെ
ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, അമ്പലത്തറ, ശംഖുംമുഖം, വെട്ടുകാട്, പൂന്തുറ, വള്ളക്കടവ്, വലിയതുറ എന്നീ വാർഡുകൾ പൂർണമായും പെരുന്താന്നി, ചാക്ക, ശ്രീവരാഹം, പുത്തൻപള്ളി, മുട്ടത്തറ എന്നീ വാർഡുകൾ ഭാഗികമായും റെഡ് സോണിൽ ഉൾപ്പെടുന്നു. ഇതിന് തൊട്ടടുത്തായിട്ടുള്ള മറ്റു ചില വാർഡുകളെ നീല, പർപ്പിൾ, മഞ്ഞ, ഗ്രേ, ഇളം നീല, ഇളം പർപ്പിൾ, ഇളം പച്ച സോണുകളിലായും പുതിയ മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.