തിരുവനന്തപുരം: സാക്ഷരതാമിഷൻ രജിസ്ട്രേഷനുകളിൽ ഇത്തവണ റെക്കാഡ് നേട്ടം. പുതിയ അദ്ധ്യയന വർഷത്തിൽ സാക്ഷരത മുതൽ ഹയർ സെക്കൻഡറി വരെയും വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളിലുമായി മൊത്തം രജിസ്റ്റർ ചെയ്തത് 2,04,178 പേരാണ്.
പുതിയ അദ്ധ്യയന വർഷം സാക്ഷരതയ്ക്ക് 49,566, തുല്യതാ കോഴ്സുകളായ നാലാംതരത്തിന് 40,260, ഏഴാംതരം 24,393, പത്താംതരം 35,306, ഹയർ സെക്കൻഡറി 33,798 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ. സർട്ടിഫിക്കറ്റ് കോഴ്സുകളായ പച്ചമലയാളത്തിന് 749, അച്ഛീ ഹിന്ദി 448, ഗുഡ് ഇംഗ്ലീഷ് 3658 എന്നിങ്ങനെ രജിസ്ട്രേഷൻ നടന്നു. 2000- ൽ നാലാംതരം തുല്യത ആരംഭിക്കുമ്പോൾ വെറും 2600 പേരാണ് നാലാംതരം തുല്യതാ കോഴ്സിൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം രജിസ്ട്രേഷൻ 8,715 ആയിരുന്നു. ഏതാണ്ട് അഞ്ചിരട്ടിയോളം വർദ്ധനയാണ് നാലാംതരം തുല്യതാ കോഴ്സ് രജിസ്ട്രേഷനിൽ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷം ഏഴാംതരത്തിന് രജിസ്റ്റർ ചെയതത് 8,915 പേർ മാത്രമായിരുന്നു. പത്താംതരം തുല്യതാ കോഴ്സ് രജിസ്ട്രേഷനിലും കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധനയുണ്ട്. പുതിയ അദ്ധ്യയന വർഷം പത്താംതരത്തിന് രജിസ്റ്റർ ചെയ്തത് 35,306 പേരാണ്. കഴിഞ്ഞ വർഷം ഇത് 33,520 ആണ്. 2006 ൽ പത്താംതരം തുല്യതാ കോഴ്സ് ആരംഭിക്കുമ്പോൾ രജിസ്ട്രേഷൻ 2,819 മാത്രം. ഹയർ സെക്കൻഡറി തുല്യതാ കോഴ്സിൽ 33,798 പേർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർദ്ധനയാണ് രജിസ്ട്രേഷനിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ രജിസ്ട്രേഷൻ 32,143 ആണ്. ഹയർ സെക്കൻഡറി രണ്ടാം വർഷം 16,000 പേർ ഇപ്പോൾ പഠിക്കുന്നു.
തുല്യതാ കോഴ്സുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2017-18 അദ്ധ്യയന വർഷം മുതൽ പ്രത്യേക കർമ പദ്ധതികൾക്ക് സാക്ഷരതാമിഷൻ രൂപം നൽകിയിരുന്നു. രജിസ്ട്രേഷൻ നടത്തുന്നരെ പൂർണമായും പരീക്ഷയ്ക്കെത്തിക്കുന്നതിനായി പ്രേരക്മാർക്ക് കർശനമായ നിർദേശം നൽകിയിരുന്നു. 2006- 07വർഷം ആരംഭിച്ച പത്താംതരം തുല്യതാ പരിപാടിയുടെ 10 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ആകെ രജിസ്റ്റർ ചെയ്തതിൽ പകുതിയും പരീക്ഷക്കെത്തിയിട്ടില്ലെന്ന് ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഹയർസെക്കൻഡറി തുല്യതാ സർട്ടിഫിക്കറ്റ് പ്ല്സ് ടുവിന് തുല്യമാക്കി 2018-ൽ സർക്കാർ ഉത്തരവിറക്കിയതോടയാണ് ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് കൂടുതൽ ശക്തമായത്. 2015- ൽ ഹയർസെക്കൻഡറി തുല്യതാ കോഴ്സ് ആരംഭിച്ചെങ്കിലും സർട്ടിഫിക്കറ്റിന് ഉപരിപഠനത്തിനുള്ള സാദ്ധ്യതയെക്കുറിച്ചുള്ള ആശങ്ക പഠിതാക്കളിൽ പ്രകടമായിരുന്നു.