തിരുവനന്തപുരം: കടൽ പലർക്കും പലതാണ്. അറ്റമില്ലാത്ത ദൂരത്തോളം പരന്നുകിടക്കുന്ന വെള്ളമാണ് ചിലർക്ക് കടൽ, കുട്ടികൾക്ക് കളിക്കാനും രസിക്കാനുമുള്ളയിടം, കടലുകൊണ്ട് മാത്രം ജീവിക്കുന്ന വലിയൊരു സമൂഹവും ഇതിനിടയിലുണ്ട്. കടലെന്നാൽ നമ്മൾ കാണാത്ത, അറിയാത്ത ഒരു ലോകം കൂടിയാണെന്ന് മനസിലാക്കുകയും ആ ലോകത്തിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കാനുമായി പ്രവർത്തിക്കുന്ന ഒരു സംഘടനയുണ്ട് തലസ്ഥാനത്ത്, 'ഫ്രണ്ട്സ് ഒഫ് മറൈൻ ലൈഫ്' (എഫ്.എം.എൽ) എന്ന പേരിൽ. സമുദ്ര പരിസ്ഥിതിയിൽ അറിവു നേടുകയും കടലിന്റെ മാറുന്ന ജൈവികതയിൽ ആശങ്കപ്പെടുകയും ചെയ്യുന്ന
ഒരു കൂട്ടം ആളുകൾ ചേർന്ന് രൂപപ്പെടുത്തിയതാണ് ഈ കൂട്ടായ്മ. വ്യത്യസ്ത സമുദ്ര ആവാസവ്യവസ്ഥകളുടെ ദൃശ്യങ്ങൾ പകർത്തി പഠനവിധേയമാക്കുക, അത് പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കുക, കടലിന്റെ സുസ്ഥിരതയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടുക എന്നിവയാണ് ഫ്രണ്ട്സ് ഒഫ് മറൈൻ ലൈഫിന്റെ പ്രവർത്തനങ്ങളിൽ ചിലത്.
സമുദ്രത്തിന്റെ സ്വാഭാവിക ഘടനയെ തകിടം മറിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ബോധവാൻമാരാണ് എഫ്.എം.എൽ സംഘടനയിലെ ഓരോ അംഗവും. മാതൃകാപരമായ പല പ്രവർത്തനങ്ങളും ഇവരുടെ നേതൃത്വത്തിൽ ഒരുങ്ങിയിട്ടുണ്ട്. ഓഖിയുടെ സമയത്ത് പൊഴിമുഖങ്ങൾ വൃത്തിയാക്കാൻ ഇവരുണ്ടായിരുന്നു. പ്രളയത്തിന് ശേഷം കടലിൽ വന്നെത്തിയത് വലിയ അളവിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണെന്ന തിരിച്ചറിവിൽ അവ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളും എഫ്.എം.എൽ ഏകോപിപ്പിച്ചു. പതിനായിരത്തിലധികം പ്ലാസ്റ്റിക് ബോട്ടിലുകളാണ് ഒറ്റ ദിവസം കൊണ്ട് നീക്കം ചെയ്തത്.
ഓഖി സമയത്ത് കടലിൽ അകപ്പെട്ടുപോയ നൂറുകണക്കിന് ബോട്ടുകളും അവയിൽ ഉണ്ടായിരുന്ന വസ്തുക്കളും വലിയ പ്രത്യാഘാതങ്ങളാണ് കടലിൽ സൃഷ്ടിച്ചിരിക്കുന്നതെന്നു ഇവരുടെ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ബോട്ടിലുണ്ടായിരുന്ന വലകൾ കടലിന്റെ ആവാസവ്യവസ്ഥക്ക് വലിയ ഭീഷണിയാണ്. ഒരു നൈലോൺ വല ഏകദേശം 450 വർഷത്തോളം നശിക്കാതെ കിടക്കുമെന്നാണ് ശാസ്ത്രജ്ഞൻമാർ പറയുന്നത്. പ്രേത വലകൾ എന്നാണ് ഇവയെ ലോകം വിശേഷിപ്പിക്കുന്നതു തന്നെ. 400 കിലോയോളം വലയാണ് എഫ്.എം.എൽ കടലിൽ നിന്ന് നീക്കം ചെയ്തിട്ടുള്ളത്. ശുചീകരണത്തിനായി മാത്രമുള്ള സംഘടനയെന്ന് കണക്കാക്കരുത് ഇവരെ. കടലിന്റെ അടിത്തട്ടിലെ യഥാർത്ഥ അവസ്ഥയെ വ്യക്തമാക്കുന്ന ചിത്രങ്ങൾ അധികാരികൾക്കും മാദ്ധ്യമങ്ങൾക്കും എത്തിക്കുക, പരമ്പരാഗതമായ അറിവുകളെ ശേഖരിക്കുക, തീരദേശ ഭാഗങ്ങളിൽ നിന്നുള്ളവരുടെ ഭൗതിക സാഹചര്യങ്ങളും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലും എഫ്.എം.എല്ലിന്റെ ശ്രദ്ധയിലെത്തുന്നുണ്ട്. നദികൾ വൃത്തിയാക്കുമ്പോൾ ആ മാലിന്യങ്ങൾ കടലിലേക്കാണ് ഒഴുകിയെത്തുന്നതെന്നും പൊഴിമുഖങ്ങളിൽ നിന്നു കടലിലേക്ക് മാലിന്യങ്ങൾ എത്താതിരിക്കാനുള്ള ഫലപ്രദമായ പ്രവർത്തനങ്ങൾ നമ്മുടെ നാട്ടിൽ ഇല്ലെന്നും സംഘടനാ സ്ഥാപകനും കോ-ഓർഡിനേറ്ററുമായ റോബർട്ട് പനിപ്പിള്ള പറയുന്നു. മാലിന്യങ്ങൾ വൃത്തിയാക്കുന്നതല്ല, മാലിന്യങ്ങൾ വലിച്ചെറിയുന്നില്ലെന്ന് തീരുമാനമെടുക്കുന്നതിലാണ് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല മേഖലകളിലും പ്രവർത്തിക്കുന്നവർ ചേരുന്നതാണ് എഫ്.എം.എൽ സംഘടന. ഇതിൽ മത്സ്യത്തൊഴിലാളികളും ഉൾപ്പെടും. തിരക്കേറിയ ജോലിക്കിടയിൽ ഇതിനായി സമയം കണ്ടെത്തുമ്പോൾ ഇവരുടെ മനസിൽ ഒന്നേയുള്ളൂ, സമുദ്രം എന്ന വലിയ ലോകത്തിനായി പറ്റാവുന്നതൊക്കെ ചെയ്യണം എന്നു മാത്രം.