കോവളം: കഴിഞ്ഞ വർഷം വിദേശ വനിതയുടെ ദുരൂഹ മരണത്തോടെ ജനശ്രദ്ധ നേടിയ, കണ്ടൽക്കാട് മൂടിയ ചെന്തിലക്കരിയിൽ സുരക്ഷ നടപ്പാക്കുമെന്ന പൊലീസ് വാഗ്ദാനങ്ങൾ പാഴ്വാക്കായി. കോവളം വിനോദസഞ്ചാര കേന്ദ്രത്തിന് കഷ്ടിച്ച് മൂന്ന് കിലോമീറ്റർ മാറി വാഴമുട്ടത്തിനും പനത്തുറയ്ക്കും മദ്ധ്യേയുള്ള ഉടമസ്ഥനാരെന്നറിയാത്ത നൂറേക്കറോളം വിജനമായ പ്രദേശത്തെ സംരക്ഷണമാണ് വെറുതേയായത്.
വിദേശവനിതയുടെ കൊലപാതകത്തെ തുടർന്ന് ഈ പ്രദേശത്തെ സാമൂഹ്യവിരുദ്ധ പ്രവർത്തനം ഇല്ലാതാക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല. ചതുപ്പ് നിറഞ്ഞ് കിടക്കുന്ന ചെന്തിലക്കരിയിൽ ഇപ്പോഴും രാത്രി എട്ടുമണി കഴിഞ്ഞാൽ ആരും പുറത്തിറങ്ങാറില്ല. രാത്രികാലങ്ങളിൽ ഇവിടെ ബൈക്കുകളുടെ നീണ്ടനിര തന്നെ കാണാം. കണ്ടൽക്കാടിനുള്ളിൽ മയക്കുമരുന്നും മദ്യപാനവും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. സാമൂഹ്യവിരുദ്ധരുടെ ബഹളം അസഹനീയമാണെന്നും തെരുവുവിളക്കുകൾ മാറ്റി പുതിയതിട്ടാൽ ഇവർ എറിഞ്ഞുപൊട്ടിക്കുമെന്നും നാട്ടുകാർ പരാതിപ്പെടുന്നു. കണ്ടൽക്കാടിന്റെ മറവ് തേടി പകൽസമയത്തും നിരവധി പേർ ഇവിടെ എത്തുന്നുണ്ട്.
ചൂണ്ടയിടാനെന്ന വ്യാജേന മദ്യവും മയക്കുമരുന്നും ഉപയോഗിക്കാനാണ് ഇത്തരക്കാർ ആളൊഴിഞ്ഞ സ്ഥലം തേടിയെത്തുന്നത്. കോവളത്തെത്തുന്ന വിദേശികളെ പ്രലോഭിപ്പിച്ച് മദ്യവും മയക്കുമരുന്നും നൽകുന്ന ഒരു വിഭാഗമുണ്ട്. ജങ്കികൾ എന്നറിയപ്പെടുന്ന ഇവർ പലപ്പോഴും ഇവിടെയെത്താറുണ്ട്. ഇത്തരക്കാർ പൊലീസ് എത്തിയാൽ കായലിൽ ചാടുകയോ കണ്ടൽക്കാടിനുള്ളിൽ ഒളിക്കുകയോ ചെയ്യും. ഉന്നത ബന്ധങ്ങൾ ഉള്ള ഇവരെ പിടിച്ചാൽ തന്നെ സ്റ്റേഷനിലെത്തും മുമ്പ് വിട്ടയയ്ക്കാനുള്ള വിളിവരുമെന്ന് ആക്ഷേപമുണ്ട്. ചെന്തിലക്കരിയിൽ നിന്ന് പനത്തുറയിലേക്ക് പോകുന്നതിനും തിരികെ വരുന്നതിനും സ്വയം വലിച്ച് നീങ്ങുന്ന കടത്തിനെയാണ് പ്രദേശത്തുള്ളവർ ആശ്രയിക്കുന്നത്.
ഇവിടെ ഒരു പാലം വന്നാൽ ജനസഞ്ചാരം വർദ്ധിക്കുമെന്നും സാമൂഹ്യ വിരുദ്ധ പ്രവർത്തനം കുറയുമെന്നുമാണ് നാട്ടുകാരുടെ അഭിപ്രായം. ചെന്തിലക്കരി പ്രദേശത്ത് അടുത്തിടെ സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഈയിടെ കൈമനത്തിന് സമീപം അനന്തു എന്ന യുവാവിനെ കൊന്ന സ്ഥലവും ചെന്തിലക്കരി പോലെ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിരുന്നു. ഈ പശ്ചാത്തലത്തിൽ ഇവിടത്തെ സാമൂഹ്യ വിരുദ്ധരെ പിടികൂടാനുള്ള നടപടി ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.