ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകനാകുന്നു. ഒൻപത് കൊല്ലത്തിന് ശേഷമാണ് ജയറാമും സത്യൻഅന്തിക്കാടും ഒന്നിക്കുന്നത്. ഒടുവിൽ ഇവർ ഒന്നിച്ചത് കഥ തുടരുന്നു എന്ന ചിത്രത്തിലാണ്.മനസ്സിനകരെ,ഭാഗ്യദേവത,യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,വീണ്ടും ചില വീട്ടുകാര്യങ്ങൾ,ഇരട്ടക്കുട്ടികളുടെ അച്ഛൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്.
ഞാൻ പ്രകാശന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനാണ് സത്യൻ അന്തിക്കാട് ആലോചിച്ചിരുന്നത്.എന്നാൽ മമ്മൂട്ടിയുടെ തിരക്ക് കാരണം അതു നീണ്ടു പോകുമെന്നതിനാലാണ് ജയറാം ചിത്രത്തെക്കുറിച്ച് സത്യൻ ചിന്തിച്ചത് .
ജയറാം ഇപ്പോൾ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പട്ടാഭിരാമൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ്. ഷൂട്ടിംഗിൽ നിന്ന് ഒരുദിവസം അവധിയെടുത്ത് സ്വകാര്യ ആവശ്യത്തിനായി ഇന്ന് ബംഗളൂരുവിലേക്ക് പറക്കുന്ന ജയറാം നാളെ മുതൽ വീണ്ടും പട്ടാഭിരാമനിൽ അഭിനയിച്ചുതുടങ്ങും. നാളെ നഗരത്തിന്റെ പലഭാഗങ്ങളിലായി ജയറാം ഉൾപ്പെടുന്ന പാസിംഗ് രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന പട്ടാഭിരാമനിൽ മിയയും ഷംനാകാസിമും ഷീലുഎബ്രഹാമുമാണ് നായികമാരാകുന്നത്.
കണ്ണൻ താമരക്കുളം - ജയറാം ടീമിന്റെ തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങൾക്ക് രചന നിർവഹിച്ച ദിനേശ് പള്ളത്താണ് പട്ടാഭിരാമന്റെയും തിരക്കഥയെഴുതുന്നത്.