മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് സി.ബി.ഐ സിരീസിലെ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് തീയതിയെക്കുറിച്ച് ഇന്ന് തിരുമാനമാകും. നിർമ്മാതാവായ സ്വർഗചിത്ര അപ്പച്ചൻ ഇന്ന് മലയാറ്റൂരിലെ മാമാങ്കത്തിന്റെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിയുമായി ഇത് സംബന്ധിച്ച് ചർച്ച ചെയ്യും.
മാമാങ്കത്തിന്റെ ചിത്രീകരണം അടുത്തമാസം വരെയുണ്ടാകും.അതിന് ശേഷം രമേശ് പിഷാരടിയുടെ ഗാനഗന്ധർവനിൽ മമ്മൂട്ടി അഭിനയിക്കും.തുടർന്ന് ഹനീഫ് അദേനിയുടെ രചനയിൽ വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന അമീറിൽ അഭിനയിക്കാനാണിരിക്കുന്നത്.എന്നാൽ അമീറിന്റെ സ്ഥാനത്ത് സി.ബി.ഐ യെ കൊണ്ടുവരുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.കെ. മധു - എസ്.എൻ. സ്വാമി ടീമൊരുക്കുന്ന സി.ബി.ഐ അഞ്ചാം ഭാഗം ഓണത്തിന് തിയേറ്ററിലെത്തിക്കാനാണ് നിർമ്മാതാക്കൾ ശ്രമിക്കുന്നത്.
മുപ്പത് വർഷങ്ങൾക്ക് മുൻപാണ് സി.ബി.ഐ സിരീസിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് റിലീസ് ചെയ്തത്. പതിവ് കുറ്റാന്വേഷണ ചിത്രങ്ങളിൽ നിന്ന് വേറിട്ട അവതരണ ശൈലിയിലും പ്രേക്ഷകരെ മുൾമുനയിൽ നിറുത്തിയ സസ്പെൻസും ഒരു സി.ബി.ഐ ഡയറിക്കുറിപ്പിനെ തെന്നിന്ത്യയാകെ അതിഗംഭീര ഹിറ്റാക്കി മാറ്റി.
ഒരു സി.ബി.ഐ ഡയറിക്കുറിപ്പിന്റെ രണ്ടാം ഭാഗമായ ജാഗ്രത 1989-ൽ ആണ് റിലീസ് ചെയ്തത്.പിന്നിട് പതിനഞ്ച് വർഷങ്ങൾക്ക് ശേഷമെത്തിയ മൂന്നാം ഭാഗമായ സേതുരാമയ്യർ സി. ബി.ഐ കളക് ഷൻ റെക്കാഡുകൾ തിരുത്തിക്കുറിച്ചു. സി.ബി.ഐ സിരീസിലെ ഏറ്റവും വലിയ വിജയവും സേതുരാമയ്യർ സി.ബി.ഐ ആണ്. നേരറിയാൻ സി.ബി.ഐയാണ് നാലാം ഭാഗം.