മമ്മൂട്ടിയൂടെ ഒൗദ്യോഗിക പേജെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ മറ്റൊരു പേജ് ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ടത് ആരാധകരെയും സിനിമാ പ്രവർത്തകരെയും ആശയക്കുഴപ്പത്തിലാക്കി. കഴിഞ്ഞ ദിവസം മമ്മൂട്ടി- അമൽ നീരദ് ചിത്രമായ ബിലാൽ ഉടൻ തുടങ്ങുന്നതായി ഈ പേജിൽ വാർത്ത വന്നിരുന്നു.മമ്മൂട്ടിയുടെ അറിയിപ്പാണെന്ന് കരുതി സിനിമാക്കാർ പോലും ഇത് ഷെയർ ചെയ്തു.പിന്നിടാണ് അറിയുന്നത് ഇത് വ്യാജ പേജാണെന്ന്.
വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ അമൽ നീരദ് തന്നെ രംഗത്തെത്തി.ബിലാലിനെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ചിത്രത്തിന്റെ തിരക്കഥാ രചന നടന്നുവരുന്നതേയുള്ളുവെന്നും അമൽ സിറ്റി കൗമുദിയോട് പറഞ്ഞു.ഷൂട്ടിംഗ് തീയതിയെക്കുറിച്ച് ഇതു വരെ മമ്മൂട്ടിയുമായി ചർച്ച ചെയ്തിട്ടില്ലെന്നും അമൽ കൂട്ടിചേർത്തു.
അടുത്തിടെയായി ഫേസ് ബുക്കിൽ വ്യാപകമായി വ്യാജ പേജുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.ഇത് താരങ്ങൾക്ക് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.