തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് സ്ഥാനാർത്ഥികൾ. പ്രചാരണത്തിനായുള്ള തയ്യാറെടുപ്പിലാണ് ഏവരും. ഇത്തവണ ആറ്റിങ്ങൽ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് ശോഭാ സുരേന്ദ്രൻ. ജീവിത ശെെലിയിലും പെരുമാറ്റത്തിലും ഏറെ വ്യത്യസ്തത പുലർത്തുന്ന വ്യക്തിത്വമാണ് ശോഭയുടേത്. ചിരിച്ച് അഭിനയിക്കാനൊന്നും എനിക്കറിയില്ല, ജനങ്ങൾക്ക് എന്നെ നന്നായി അറിയാം' - ശോഭ പറയുന്നു.
സഖാക്കന്മാരെപ്പോലെ കട്ടൻചായയും പ്രിയം
പ്രസംഗങ്ങളിൽ മികവു പുലർത്തുന്ന ശോഭയുടെ ശീങ്ങളും വ്യത്യസ്തമാണ്രാവിലെ അഞ്ചിന് എഴുന്നേറ്റ് കുളിച്ച ശേഷം പ്രാർത്ഥനയോടെ ദിവസം തുടങ്ങുന്നു. ക്ഷേത്രദർശനം, പ്രാതൽ, 11വരെ പ്രചാരണം. ശേഷം മൂന്നിന് പ്രചാരണം വീണ്ടും ആരംഭിക്കും. രാവിലെ ചോറ് കഴിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് ശോഭ പറയുന്നു. സ്ഥാനാർത്ഥിയുടെ മനസറിഞ്ഞ് പാർട്ടി ജില്ലാ സെക്രട്ടറി ബാലമുരളി വീട്ടിൽ നിന്ന് കഞ്ഞി എത്തിക്കും.
ഒരു ചപ്പാത്തിയും അല്പം ഉരുളക്കിഴങ്ങ് കറിയും ഒരു രസകദളി പഴവും. സഖാക്കന്മാരെപ്പോലെ കട്ടൻചായയും പ്രിയം തന്നെ - ശോഭ പറയുന്നു. തേങ്ങ അരച്ചുണ്ടാക്കുന്ന കറികളോട് താൽപര്യമില്ല. ചോറും വെണ്ടയ്‌ക്ക, വള്ളിപ്പയർ, കൂർക്ക തുടങ്ങിയവ മെഴുക്കുപുരട്ടുന്നതാണ് ഇഷ്ട വിഭവം. ഇല്ലായ്‌മകൾ നിറഞ്ഞ കുട്ടിക്കാലത്ത് എല്ലാത്തിനോടും പൊരുത്തപ്പെട്ടതിനാൽ ശോഭയ്‌ക്ക് നിർബന്ധങ്ങളില്ല.
വക്കീലാകാനായിരുന്നു ആഗ്രഹം
വടക്കാഞ്ചേരിയിൽ കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടിയായിട്ടാണ് ശോഭയുടെ ജനനം. എട്ടിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ആറ് മക്കൾ അമ്മ കല്യാണിയുടെ ചുമതലയായി. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മയാണ് ശോഭയ്‌ക്ക് റോൾ മോഡൽ. വക്കീലാകാനായിരുന്നു ആഗ്രഹം. എന്നാൽ ബി.എ ഹിന്ദിയോടെ പഠനം നിറുത്തി. പാചകവിദഗ്ദ്ധയായ ശോഭയുടെ സ്‌പെഷ്യൽ നോൺ വെജ് വിഭവങ്ങളാണ്.
കല്യാണത്തിന് ശേഷമാണ് നോൺ വെജ് കഴിച്ച് തുടങ്ങിയത്. ഇടതടവില്ലാത്ത യാത്രയ്ക്കിടെയുള്ള ഭക്ഷണം ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കഴിയും വരെ നോൺവെജ് ഒഴിവാക്കിയിരിക്കുകയാണെന്ന് ശോഭ പറയുന്നു. പ്രസംഗങ്ങൾ തൊണ്ടയെ സമ്മർദ്ദത്തിലാക്കിയതിനാൽ തണുത്തതൊന്നും കഴിക്കില്ല.
കുട്ടികളെ എപ്പോഴും മിസ് ചെയ്യും
ജയിച്ചശേഷം പൊടിയും തട്ടി പോകുന്ന സാധാരണ രാഷ്ട്രീയക്കാരിയാകാൻ തന്നെ കിട്ടില്ല. 2014ലെ തിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിച്ച് രണ്ടാംസ്ഥാനം നേടിയതോടെ ജനങ്ങളോടുള്ള ഉത്തരവാദിത്വം കൂടുതലായി. അതിനാൽ തന്നെ കഴിഞ്ഞ അഞ്ച് വർഷമായി പാലക്കാടാണ് താമസിച്ചിരുന്നത്. ആറ്റിങ്ങലിൽ ജയിക്കുമെന്നും ഇവിടെ വീട് വാങ്ങി താമസിക്കുമെന്നാണ് ശോഭ പറയുന്നത്. ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ സുരേന്ദ്രനാണ് ഭർത്താവ്. രണ്ട് ആൺമക്കളാണ്. മൂത്തയാൾ ഹരിലാൽ കൃഷ്‌ണ എൻജിനിയറിംഗിന് പഠിക്കുന്നു.
രണ്ടാമത്തെയാൾ യദുലാൽ കൃഷ്‌ണ പ്ലസ്ടുവിനാണ്. രണ്ട് പേരും ഹോസ്റ്റലിൽ. അമ്മയെ കിട്ടുന്നില്ലെന്ന് ആദ്യമൊക്കെ കുട്ടികൾ സങ്കടം പറയുമായിരുന്നെങ്കിലും പ്രവർത്തനങ്ങളുടെ സ്വഭാവം മനസിലാക്കി പിന്തുണയുമായി അവർ കൂടെയുണ്ട്. കുട്ടികളെ എപ്പോഴും മിസ് ചെയ്യും. പുസ്‌തക വായനയും സിനിമയും ഗാനങ്ങളും ഇഷ്ടമാണ്. എം.ടിയും ബഷീറുമൊക്കെയാണ് ഇഷ്ടക്കാർ.