f16

ന്യൂഡൽഹി: അഭിനന്ദൻ വർദ്ധമാൻ പാക് എഫ്16 പോർ വിമാനം വെടിവച്ചിട്ട വിഷയത്തിൽ കൂടുതൽ തെളിവുകൾ കൈയ്യിലുണ്ടെന്ന് വ്യോമസേന. പാക് വിമാനം തകർത്തതിൽ സംശയം ആരോപിച്ച് അമേരിക്കൻ മാദ്ധ്യമത്തിന്റെ ചോദ്യത്തിനെ തള്ളുകയും എയർഫോഴ്സ് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാ‌ക്കിസ്ഥാന്റെ എഫ് 16 വെടിവെച്ചിട്ടതിന് കൃത്യമായ തെളിവുകളുണ്ടെന്നും ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി.

പാകിസ്ഥാന്റെ കൈവശമുള്ള എഫ്–16 വിമാനങ്ങളെല്ലാം അവരുടെ കൈവശം തന്നെയുണ്ടെന്ന് രണ്ട് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉ‌ദ്ധരിച്ച് അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിൽ പാകിസ്ഥാനും ഇന്ത്യയോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വ്യക്തതവരുത്തി ഇന്ത്യൻ വ്യോമസേന രംഗത്തെത്തിയത്.

പാക്ക് അധിനിവേശ കശ്മീരിലെ നൗഷേര മേഖലയിലാണ് എഫ് 16 വിമാനം വെടിവച്ച് വീഴ്‌ത്തിയതെന്ന് ഓപറേഷൻസ് അസിസ്റ്റ‌ന്റ് ചീഫ് എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ വ്യക്തമാക്കി. വ്യോമാക്രമണം നടന്ന ദിവസം പാകിസ്ഥാന്റെ എഫ്16 വിമാനം തിരിച്ചെത്തിയില്ലെന്ന് പാക്ക് ‌വ്യോമസേനയുടെ റേഡിയോ വിനിമയത്തിലും വ്യക‌്‌തമായിരുന്നു. വിമാനത്തിൽ നിന്നുള്ള ഇജക്‌ഷൻ സംബന്ധിച്ച ഇലക്ട്രോണിക് സിഗ്നേച്ചറുകളിലും പാക്കിസ്ഥാന്റെ എഫ്–16 ആണെന്ന സൂചനയുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാൻ എഫ്–16 ഉപയോഗിച്ചത് റഡാർ സിഗ്നേച്ചറും മിസൈലിന്റെ അവശിഷ്‌ടങ്ങളും കാണിച്ച് ഇക്കാര്യത്തിൽ ഇന്ത്യ അന്നേ സ്ഥിരീകരണം നടത്തിയിരുന്നു. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്ര‌തിരോധ മ‌ന്ത്രി നി‌‌ർമല സീതാരാമൻ ഇക്കാര്യം അവകാശപ്പെട്ടിരുന്നെങ്കിലും ഇതാദ്യമായാണു എഫ്16 വെടിവച്ചിട്ടെന്നു വ്യോമസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്.