t-p-senkumar

കരുനാഗപ്പള്ളി: പാകിസ്ഥാൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് 20 ലക്ഷംകോടി രൂപയുടെ നോട്ടുകൾ അച്ചടിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പിനെ തുടർന്നാണ് കേന്ദ്ര സർക്കാർ നോട്ട് നിരോധനം കൊണ്ടുവന്നതെന്ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ പറഞ്ഞു. ദേശീയ സുരക്ഷാ വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലപ്പോഴും ബുദ്ധിജീവികളും സാംസ്കാരിക നായകരും രാജ്യത്തിന്റെ ദേശീയസുരക്ഷയ്ക്ക് ഭീഷണിയാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി അധികാരത്തിൽ വരുമ്പോൾ ഇന്ത്യൻ ആർമിയുടെ കാര്യം വളരെ പരിതാപകരമായിരുന്നു. 15 ദിവസത്തേക്ക് മാത്രമുള്ള പടക്കോപ്പുകളെ ആർമിയുടെ കൈവശം ഉണ്ടായിരുന്നുള്ളൂ. എന്നാൽ അഞ്ചു വർഷം കൊണ്ട് ഈ സ്ഥിതി മാറി. സൈനികരംഗത്ത് വൻ കുതിച്ചുചാട്ടമാണ് നടത്തുന്നത്.

റാഫേൽ വിമാനം സ്വന്തമാക്കുന്നതോടെ നമ്മുടെ രാജ്യത്തിനകത്തിരുന്നു കൊണ്ട് തന്നെ ശത്രു രാജ്യങ്ങളെ പ്രഹരിക്കാനാകും. ഇന്ത്യയുടെ സുരക്ഷയെ കുറിച്ചുള്ള നമ്മുടെ മനോഭാവം മാറണം. രാഷ്ട്രീയത്തിന് ഉപരി രാജ്യസുരക്ഷയ്ക്ക് മുൻതൂക്കം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ ആഭ്യന്തരമായും വൈദേശികമായും സുരക്ഷാ ഭീഷണി നേരിടുകയാണ്. മാവോയിസ്റ്റുകളും മതതീവ്രവാദികളും മയക്കുമരുന്ന് മാഫിയാ സംഘവുമാണ് രാജ്യത്തിനകത്ത് ഭീഷണി ഉയർത്തുന്നത്. ചൈനയും പാക്കിസ്ഥാനും ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന രാജ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.