ഇന്ത്യയിൽ ഇന്ന് ഏറ്റവുമധികം പ്രകീർത്തിക്കപ്പെടുന്ന കേരള മാതൃകകളിലൊന്ന് അധികാര വികേന്ദ്രീകരണത്തിൽ നാം നടത്തിയ നൂതന പരീക്ഷണങ്ങളും കൈവരിച്ച നേട്ടങ്ങളുമാണ്. ആ പ്രക്രിയയിൽ അതുല്യ സംഭാവനകൾ നൽകിയ നേതാവാണ് ഈയിടെ അന്തരിച്ച മുൻമന്ത്രി വി.ജെ.തങ്കപ്പൻ. പ്രതിബദ്ധതയും ദീർഘവീക്ഷണവും കാര്യക്ഷമതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
ഭരണഘടനാ ഭേദഗതിയിലൂടെ നിലവിലുള്ള പഞ്ചായത്ത് ഭരണസംവിധാനം നിലവിൽ വരുന്നതിനും ഏറെ മുൻപുതന്നെ കേരളത്തിൽ അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു. അതിൽ ശ്രദ്ധേയമായ ഒന്നാണ് 1991 ൽ പ്രാബല്യത്തിൽവന്ന ജില്ലാകൗൺസിൽ സംവിധാനം. 1957 ലെ ഇ.എം.എസ് ചെയർമാനായ ഭരണപരിഷ്കാര കമ്മിറ്റിയുടെ ശുപാർശപ്രകാരം 1958 ൽ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച കേരള പഞ്ചായത്ത് ബിൽ ആൻഡ് ഡിസ്ട്രിക്ട് കൗൺസിൽ ബിൽ എന്ന ആശയം യാഥാർത്ഥ്യമായത് 1991 ൽ നായനാർ മന്ത്രിസഭയിൽ വി.ജെ.തങ്കപ്പൻ തദ്ദേശഭരണ മന്ത്രിയായപ്പോഴാണ്. അന്ന് ഞാൻ കൊല്ലം ജില്ലാ കളക്ടറായിരുന്നു. ആ നിലയിൽ ജില്ലാകൗൺസിൽ സെക്രട്ടറിയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴിലായിരുന്നു ആ തസ്തിക. ജില്ലയിൽ സാധാരണ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ജില്ലാ കൗൺസിലിന്റെ കീഴിൽ വിന്യസിച്ചുകൊണ്ടുള്ള ആ ഭരണപരിഷ്കാരം ആയിരുന്നു എന്റെ കാഴ്ചപ്പാടിൽ നമ്മുടെ രാജ്യത്ത് ഇന്നോളമുണ്ടായിട്ടുള്ള അധികാര വികേന്ദ്രീകരണ നടപടികളിൽ ഏറ്റവും വിപ്ലവാത്മകം.
ഇച്ഛാശക്തിയും ആത്മാർത്ഥതയുമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമുണ്ടെങ്കിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നത്ര സ്വാതന്ത്ര്യവും അധികാരങ്ങളുമാണ് ജില്ലാകൗൺസിലുകൾക്ക് ആ നിയമത്തിലൂടെ ലഭിച്ചത്. ഇന്നത്തെ ജില്ലാ പഞ്ചായത്തുകൾക്കുള്ള അധികാരങ്ങളുടെ പതിന്മടങ്ങായിരുന്നു അത്. നിയമം നടപ്പാക്കുന്നതിൽ വി.ജെ.തങ്കപ്പൻ കാട്ടിയ താത്പര്യവും ആത്മാർത്ഥതയും ആവേശവും ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ, അനിവാര്യമായ ഭരണമാറ്റത്തോടെ മാസങ്ങൾക്കുള്ളിൽ ആ സംവിധാനം അകാല ചരമമടഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ഗ്രന്ഥശാല, കളിക്കളം, ശിശുമന്ദിരം, ശ്മശാനം, ജലവിതരണപദ്ധതികൾ എന്നിവ ഉൾപ്പെടുത്തിയുള്ള പതിനൊന്നിന പരിപാടി ഏറ്റവും ഫലപ്രദമായി നടപ്പാക്കിയതും വി.ജെ മന്ത്രിയായിരുന്നപ്പോഴാണ്. പരിമിതമായ തനതുവരുമാനവും വികസന ഗ്രാന്റും മാത്രമുണ്ടായിരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പത്തുലക്ഷം രൂപവീതം ഉപാധിരഹിത ഫണ്ട് അനുവദിച്ച് അദ്ദേഹം അവയ്ക്ക് പുതുജീവൻ നൽകി. നെയ്യാറ്റിൻകര മുനിസിപ്പൽ കൗൺസിൽ അംഗവും ചെയർമാനുമായിരുന്ന അദ്ദേഹത്തിന്റെ പ്രായോഗിക പരിജ്ഞാനവും പ്രതിബദ്ധതയും ഈ നടപടികളിലെല്ലാം തെളിഞ്ഞുനിന്നു. സമ്പൂർണ സാക്ഷരതായജ്ഞം വിജയിപ്പിക്കുന്നതിൽ തദ്ദേശഭരണസ്ഥാപനങ്ങളെ പൂർണപങ്കാളിയാക്കുന്നതിലും അദ്ദേഹം കാട്ടിയ ശുഷ്കാന്തി അവിസ്മരണീയമാണ് . ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്താകമാനം പുതിയ പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നപ്പോൾ കേരളത്തിൽ ഫലപ്രദമായി അതു നടപ്പാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് പശ്ചിമബംഗാൾ ഫിനാൻസ് കമ്മിഷൻ ചെയർമാനായിരുന്ന ഡോ.എസ്.ബി.സെൻ അദ്ധ്യക്ഷനും വി.ജെ.തങ്കപ്പൻ ഉപാദ്ധ്യക്ഷനുമായി ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. എം.എൽ.എമാരായ പ്രകാശ്ബാബുവും ടി.കെ.ബാലനും ഡോ.എം.എ.ഉമ്മൻ, ടി.എൻ ജയചന്ദ്രൻ, ഡോ.എം.പി.പരമേശ്വരൻ, പി.കെ.ശിവാനന്ദൻ, കെ.മോഹൻദാസ് എന്നിവരും ഉൾപ്പെട്ട വിദഗ്ദ്ധസമിതിയുടെ മെമ്പർ സെക്രട്ടറി ഈ ലേഖകനായിരുന്നു.
കമ്മിറ്റിയുടെ പ്രഥമ റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞപ്പോൾ തന്നെ ഡോ.സെൻ അന്തരിച്ചതു കാരണം ഫലത്തിൽ അത് വി.ജെ.തങ്കപ്പൻ കമ്മിറ്റിയായി മാറുകയായിരുന്നു. എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് വി.ജെ.യുടെ സജീവ നേതൃത്വത്തിൽ നടന്ന അത്യന്തം സൂക്ഷ്മതയോടും ഭാവനയോടും കൂടിയ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഫലമായാണ് അധികാരവികേന്ദ്രീകരണത്തിൽ ദേശീയമാതൃകയായി മാറിയ വികേന്ദ്രീകൃതാസൂത്രണം അഥവാ ജനകീയാസൂത്രണം ഉരുത്തിരിഞ്ഞുവന്നത്. പല കമ്മിറ്റികളുടെയും പ്രവർത്തനം റിപ്പോർട്ട് സമർപ്പണത്തോടെ വിസ്മൃതിയിലാവുന്ന കാഴ്ചയാണ് 36 വർഷത്തെ സേവനത്തിനിടയിൽ എനിക്ക് കാണാനായത്. എന്നാൽ സെൻ കമ്മിറ്റി റിപ്പോർട്ട് അതിനൊരപവാദമാണ്. റിപ്പോർട്ടിലെ മുഖ്യശുപാർശകളൊക്കെ സർക്കാർ അംഗീകരിച്ചു എന്നു മാത്രമല്ല, വളരെ കാര്യക്ഷമതയോടെ നടപ്പാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി തുകയുടെ 30-40 ശതമാനം പ്രാദേശിക ഭരണസ്ഥാപനങ്ങൾക്ക് വീതിച്ചുനല്കകയും അത് വിനിയോഗിക്കുന്നതിന് വിശദമായ മാർഗരേഖകൾ തയ്യാറാക്കുകയും ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിച്ചു നൽകുകയും ചെയ്ത് അർത്ഥവും ആളും അധികാരവും നൽകി. വികസനത്തിൽ പരമാവധി ജനകീയപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഉതകുന്ന ശുപാർശകളാണ് ആ കമ്മിറ്റി അതീവസൂക്ഷ്മയോടെ തയാറാക്കിയത്.
കേന്ദ്ര വിവരാവകാശനിയമം നിലവിൽ വരുന്നതിനും വർഷങ്ങൾക്കു മുൻപ്, 1999ൽ രാജ്യത്താദ്യമായി തദ്ദേശഭരണതലത്തിൽ അത് നടപ്പാക്കിയതും അഴിമതി തടയുന്നതിനുള്ള ഓംബുഡ്സ്മാൻ സംവിധാനം ഏർപ്പെടുത്തിയതും ആ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ്. ഖരമാലിന്യ സംസ്കരണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുഖ്യഉത്തരവാദിത്തമാക്കി നിജപ്പെടുത്തിയതും സർക്കാരിന് മറ്റു പലസംസ്ഥാനങ്ങളിലും നിലവിലുള്ളതുപോലെ പഞ്ചായത്തുകളുടെ പ്രമേയങ്ങളെ റദ്ദുചെയ്യാനോ ഭരണസമിതികളെ പിരിച്ചുവിടാനോ കഴിയാത്തവിധം ശക്തമായ വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയത് അതിശക്തമായ രാഷ്ട്രീയ സമ്മർദ്ദങ്ങളെ അതിജീവിച്ചായിരുന്നു. തദ്ദേശഭരണസ്ഥാപനങ്ങളെ ശരിയായ പ്രാദേശിക സർക്കാരുകളാക്കി മാറ്റാൻ തടസമായി നിന്ന മുപ്പതിൽപ്പരം നിയമങ്ങളെയും ചട്ടങ്ങളെയും 'ഡീ സെൻട്രലൈസേഷൻ ഒഫ് പവേഴ്സ് " എന്ന ഒറ്റ നിയമത്തിലൂടെ ഭേദഗതി ചെയ്തതിന്റെ മുഖ്യസൂത്രധാരകൻ വി.ജെ യായിരുന്നു. അതും എനിക്ക് ഒരു പുതിയ പാഠമായിരുന്നു. 1997 ൽ മുഖ്യമന്ത്രി ഇ.കെ.നായനാർ അദ്ധ്യക്ഷനായ ഭരണപരിഷ്കാര കമ്മിറ്റിയുടെ ഉപാദ്ധ്യക്ഷൻ എന്ന നിലയിൽ വി.ജെ നൽകിയ സംഭാവനകൾ നിർണായകമാണ്. അതിലെ ഒരു സുപ്രധാന ശുപാർശയാണ് കേരള സിവിൽ സർവീസ് രൂപീകരണം. ശക്തമായ പ്രതിരോധം കാരണം ഇരുപതുകൊല്ലം നടപ്പാക്കാൻ കഴിയാതെ പോയ ആ ശുപാർശയാണ് ഇപ്പോൾ പ്രവൃത്തിപഥത്തിലെത്തിയിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ പഞ്ചിങ്ങ് നിർബന്ധമാക്കാനുള്ള ശുപാർശയും ആ കമ്മിറ്റിയുടേതാണ്.
അഴിമതിക്കും പക്ഷപാതത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും ചെയ്തു. അന്തസുറ്റ നിലപാടുകളിലൂടെ, കാപട്യമില്ലാത്ത പെരുമാറ്റത്തിലൂടെ, സത്യസന്ധമായ പൊതുജീവിതത്തിലൂടെ അദ്ദേഹം അടുത്തറിയുന്നവരുടെയെല്ലാം ഹൃദയം കവർന്നു. വി.ജെ.യെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം എല്ലാ രാഷ്ട്രീയനേതാക്കളും ഭരണകർത്താക്കളും അദ്ദേഹത്തെപ്പോലെയായിരുന്നുവെങ്കിൽ എന്ന് ചിന്തിച്ചുപോയിട്ടുണ്ട്. രാഷ്ട്രീയത്തിലും ഭരണത്തിലും പ്രതിബദ്ധതയുടെ പ്രതിരൂപമായ വി.ജെ.ക്ക് ഇരുമേഖലകളിലും അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ലല്ലോഎന്നോർത്ത് നിരാശ തോന്നിയിട്ടുമുണ്ട്.
(മുൻ ചീഫ് സെക്രട്ടറിയാണ് ലേഖകൻ)