neethu

തൃശൂർ: സംശയത്തെ തുടർന്ന് കാമുകൻ തീകൊളുത്തി കൊലപ്പെടുത്തിയ നീതുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.കുത്താനുപയോഗിച്ചത് പ്രത്യേക കത്തി. കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച ശേഷം പ്രതി പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു പ്രതി.

ചെറുതും വലുതുമായി 12ഓളം കുത്തുകളാണ് പെൺകുട്ടിയുടെ ദേഹത്തുണ്ടായിരുന്നത്. മൂർച്ചയേറിയ കത്തി ഉപയോഗിച്ചാണ് നിതീഷ് പെൺകുട്ടിയെ കുത്തിയത്. കഴുത്തിലായിരുന്നു കൂടുതൽ മുറിവുകളും. ആക്രമണം തടുക്കാൻ ശ്രമിച്ചതിനിടയിൽ കൈകളിലും മുറിവേറ്റിട്ടുണ്ട്. തുടർന്ന് പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. നീതുവിന്റെ ശരീരത്തിൽ 60% പൊള്ളലേറ്റിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

വ്യാഴാഴ്ച രാവിലെയായിരുന്നു കൊലപാതകം. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. പെൺകുട്ടിക്ക് മറ്റൊരു വ്യക്തിയുമായി പ്രണയം ഉണ്ടെന്ന സംശത്തിലാണ് പ്രതി നീതുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് മൊഴി നൽകി. കത്തിയും,​ പെട്രോളും,​ വിഷവുമായി കൃത്യമായ പ്ലാനോടെയാണ് നിതീഷ് പെൺകുട്ടിയെ കൊലപ്പെടുത്താൻ എത്തിയത്.

കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു നിതീഷിന്റെ തീരുമാനം. എന്നാൽ സംഭവത്തെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നീതുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചു.