dr-m-leelavathy-ramya-

വടക്കാഞ്ചേരി: എതിരാളികളുടെ ജൽപ്പനങ്ങൾ കേട്ട് ആലത്തൂർ മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി രമ്യ ഹരിദാസ് ഭയപ്പെടേണ്ടതില്ലെന്ന് സാഹിത്യകാരി ഡോ.എം.ലീലാവതി പറഞ്ഞു. വടക്കാഞ്ചേരി അകമല ധർമ്മശാസ്‌താ ക്ഷേത്രത്തിലെത്തിയ രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ച് അനുഗ്രഹിക്കുകയായിരുന്നു ലീലാവതി. രമ്യ ജയിക്കേണ്ടത് സാംസ്‌കാരിക പ്രവർത്തകരുടെ ആവശ്യമാണ്.

നിർധന കുടുംബത്തിൽ നിന്നും കടന്നുവന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയാവാൻ അവസരം ലഭിച്ച രമ്യയുടെ തിരഞ്ഞെടുപ്പ് ചെലവിലേക്ക് പതിനായിരം രൂപയും അവർ വാഗ്ദാനം ചെയ്തു. രാവിലെ സെന്റ് ഫ്രാൻസിസ് ഫെറോന പള്ളിയിലെത്തിയ രമ്യ ഹരിദാസിനെ പള്ളി വികാരിയും വിശ്വാസികളും ആവേശത്തോടെയാണ് വരവേറ്റത്. തുടർന്ന് ഊത്രാളിക്കാവിലും സ്ഥാനാർത്ഥി ദർശനം നടത്തി.

വിവിധ കേന്ദ്രങ്ങളിലായി എം.എൽ.എമാരായ പി.ടി തോമസ്, അനിൽ അക്കര, ഊത്രാളിക്കാവ് പുരം ചീഫ് കോ ഓർഡിനേറ്റർ സി.എ.ശങ്കരൻകുട്ടി, പി. ആർ.സുരേഷ് കുമാർ, യു.ഡി .എഫ് നേതാക്കളായ രാജേന്ദ്രൻ അരങ്ങത്ത്, പി.എം.അമീർ , കെ.അജിത്കുമാർ, ജിജോ കുര്യൻ, എ.എസ്.ഹംസ, അഡ്വ.ടി.എസ്.മായാദാസ്, ടി.വി.സണ്ണി, വൈശാഖ് നാരായണ സ്വാമി എന്നിവർ സ്ഥാനാർഥിക്ക് സ്വീകരണം നൽകി.