mohanlal-as-ravan

ഇതിഹാസ കഥയിലെ ലങ്കാധിപനായ രാക്ഷസരാജൻ രാവണനായി സൂപ്പർ‌താരം മോഹൻലാൽ. ചന്ദ്രഹാസം കൈയിലേന്തി ഉഗ്രരൂപി രാവണനായ ലാലിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത് സംവിധായകനായ വിനയനാണ്. ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ സൃഷ്‌ടിയാണെന്ന് പറയുന്നുണ്ടെങ്കിലും അണിയറയിൽ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങളും ശക്തമാണ്. മോഹൻലാലിനെ നായകനാക്കി താൻ ഒരു ചിത്രം ഒരുക്കുന്നുണ്ടെന്ന് അടുത്തിടെ വിനയൻ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

എം.ടിയുടെ രണ്ടാമൂഴം സിനിമയാകുമെന്ന വാർത്ത വന്നപ്പോൾ തന്നെ ഭീമനായി മോഹൻലാലിനെ അധികം വൈകാതെ ബിഗ്‌ സ്ക്രീനിൽ കാണാനാകുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. എന്നാൽ പിന്നീട് കഥാകൃത്തും സംവിധായകനും തമ്മിലുള്ള ആശയക്കുഴപ്പം ചിത്രത്തെ കോടതി നടപടികളിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് നിർമ്മാതാവ് ബി.ആർ ഷെട്ടിയും ചിത്രത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതോടെ മോഹൻലാൽ ആരാധകർ ഏറെ നിരാശയിലായിരുന്നു. എന്നാൽ 'രാവണൻ' ചർച്ചയാവുന്നതോടു കൂടി രണ്ടാമൂഴം പകർന്ന ആവേശം തിരികെ എത്തുമെന്നുറപ്പാണ്.

അതേസമയം,​ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ വിജയക്കുതിപ്പ് തുടരുകയാണ്. സ്‌റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‌ട്രീയ നേതാവായി ലാൽ മാജിക് ആവർത്തിക്കുമ്പോൾ മഞ്ജുവാര്യർ,​ ടൊവിനോ തോമസ്,​ വിവേക് ഒബ്‌റോയി,​ ഇന്ദ്രജിത്ത്,​ സായി കുമാർ,​ കലാഭവൻ ഷാജോൺ എന്നിവർ ശക്തമായ കഥാപാത്ര സാന്നിധ്യങ്ങളായി ഒപ്പമുണ്ട്.