കൽപ്പറ്റ: ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ ചരിത്രനേട്ടമാണ് വയനാട്ടിലെ കുറിച്യ സമുദായാംഗമായ പൊഴുതന സ്വദേശി ശ്രീധന്യ സുരേഷ്(25) സ്വന്തമാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും മറികടന്നാണ് ശ്രീധന്യ തിളക്കമാർന്ന നേട്ടം കൈവരിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു പെൺകുട്ടിക്ക് സിവിൽ സർവീസ് ലഭിക്കുന്നത്. സിവിൽ സർവീസിൽ 410-ാം റാങ്കാണ് ധന്യ കരസ്ഥമാക്കിയത്.
അമ്പളക്കൊല്ലി സുരേഷ്- കമല ദമ്പതികളുടെ മകളാണു ശ്രീധന്യ. കൂലിപ്പണിക്കാരാണ് മാതാപിതാക്കൾ. മൂത്ത സഹോദരി സുഷിതയും അനുജന്‍ ശ്രീരാഗും അടങ്ങുന്നതാണു ശ്രീധന്യയുടെ കുടുംബം. തരിയോട് നിർമല ഹെെസ്‌കൂളിൽ നിന്നു 85 ശതമാനത്തിലധികം മാർക്കോടെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം നേടിയ ശ്രീധന്യ തരിയോട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് പ്ലസ് ടു ജയിച്ചത്. കോഴിക്കോട് ദേവഗിരി കോളജിൽ നിന്ന് സുവോളജിയിൽ ബി.എസ്.സി ബിരുദവും അപ്ലെഡ് സുവോളജിയിൽ ഇവിടെനിന്നു തന്നെ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് എട്ടു മാസത്തോളം വയനാട് എൻ ഊരു ടൂറിസം പദ്ധതിയിൽ അസിസ്റ്റന്റായി ജോലി ചെയ്തു. തുടർന്നാണ് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനു ചേർന്നത്.
പ്രിയം മലയാളത്തോട്
രണ്ടു വർഷത്തോളം സിവിൽ സർവീസ് എന്ന ആഗ്രഹം പൂർത്തീകരിക്കാനുള്ള ശ്രമമായിരുന്നു. ജോലി ഉപേക്ഷിച്ചായിരുന്നു ലക്ഷ്യം നേടാൻ ശ്രീധന്യ ഇറങ്ങിത്തിരിച്ചത്. മലയാളമാണ് പരീക്ഷയിൽ ഐശ്ചിക വിഷയമായി ശ്രീധന്യ തിരഞ്ഞെടുത്തത്. ചെറുപ്പം മുതൽ മലയാളത്തോടുള്ള പ്രിയം തന്നെയാണ് ഇതിന് കാരണവും. മൂന്നാം ശ്രമത്തിലാണ് സിവിൽ സർവീസിന്റെ ആദ്യ ഘട്ടം താണ്ടിയത്. ഇന്റർവ്യൂ അഭിമുഖീകരിച്ച ആദ്യ വർഷം തന്നെ നേട്ടത്തിലേക്കെത്തുകയും ചെയ്തു. തിരുവനന്തപുരം സിവിൽ സർവീസ് എക്‌സിമിനേഷൻ ട്രെയിനിംഗ് സൊെസെറ്റിക്കു കീഴിലായിരുന്നു പരിശീലനം.
അഭിമാന നിമിഷം
പിന്നോക്ക അവസ്ഥയിൽ നിന്നും മകൾ ഐ.എ.എസ് നേടിയത് അഭിമാനകരമായ നിമിഷമെന്ന് ശ്രീധന്യ സുരേഷിന്റെ മാതാപിതാക്കൾ പ്രതികരിച്ചു. ക്ലേശകരമായ സാഹചര്യത്തിലൂടെയാണ് മകൾ പഠനം പൂർത്തിയാക്കിയതെന്നും മാതാവ് കമലയും പിതാവ് സുരേഷും പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.
സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതിയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട ശ്രീധന്യ 410 ാം റാങ്കോടെ ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികൾക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ എല്ലാവിധ ആശംസകളും. ഉയർന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാർത്ഥികൾക്കും അനുമോദനങ്ങൾ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ശ്രീധന്യയെ അഭിനന്ദിച്ചിരുന്നു. ആത്മാർത്ഥ പ്രയത്നവും ആത്മസമർപ്പണവുമാണ് സ്വപ്നം സഫലമാക്കാൻ ശ്രീധന്യയെ സഹായിച്ചതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.