malayali

റിയാദ്: ആറ് വർഷമായി സൗദി അറേബ്യയിലെ ദമാമിൽ സ്വർണപ്പണിക്കാരനായി ജോലി ചെയ്‌തുവന്ന തൃശൂർ സ്വദേശിയെ നാട്ടിൽ തിരികെ പോകാൻ തീരുമാനിച്ചിരുന്ന ദിവസം താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ദമാം അനൂദിലെ ഖമർ ഗോൾഡ് ഫാക്‌ടറിയിൽ സ്വർണപ്പണിക്കാരനായി ജോലി ചെയ്‌തുവന്ന തൃശൂർ വടക്കേക്കാട സ്വദേശി കല്ലൂർ റെജു മാധവനെ (43)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്‌ചയായി ഇയാൾ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇതേത്തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് തന്നെയാണ് ഇയാൾക്ക് ടിക്കറ്റ് എടുത്തത്.

എന്നാൽ കഴിഞ്ഞ ദിവസം സുഖമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് റെജുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകിയിരുന്നു. പിന്നീട് സുഹൃത്തുക്കൾ തന്നെ റൂമിലുമെത്തിച്ചു. എന്നാൽ രാത്രി എട്ടോടെ മുറിയിലെത്തിയ സുഹൃത്തുക്കൾ കയറിൽ തൂങ്ങിനിൽക്കുന്ന റെജുവിനെയാണ് കാണുന്നത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. റെജുവിന് സാമ്പത്തിക പ്രശ്‌നങ്ങളോ കുടുംബ പ്രശ്‌നങ്ങളോ ഉള്ളതായി അറിവില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഭാര്യ: രമ്യ, മക്കൾ: അരവിന്ദ്, അശ്വന്ത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.