തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരൻ അത്ഭുതങ്ങൾക്ക് കാത്തിരിക്കാതെ മടങ്ങി. ഇന്ന് രാവിലെ 11.35നാണ് കുട്ടിയുടെ മരണം ഡോക്‌ടർമാർ സ്ഥിരീകരിച്ചത്. മസ്‌തിഷ്‌കത്തിന് ഗുരുതര പരിക്കേറ്റ കുട്ടിയ്‌ക്ക് മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന് ദിവസങ്ങൾക്ക് മുമ്പ് ഡോക്‌ടർമാർ സ്ഥിരീകരിച്ചെങ്കിലും വെന്റിലേറ്ററിൽ ചികിത്സ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഒമ്പത് ദിവസത്തെ ചെറുത്തുനിൽപ്പിനൊടുവിൽ കേരളത്തിന് തീരാദുഖം സമ്മാനിച്ച് അവൻ മരണത്തിന് പിടികൊടുത്തു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്‌റ്റ്മോർട്ടം നടത്തുന്ന കുട്ടിയുടെ മൃതദേഹം എവിടെ സംസ്‌ക്കരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.
കഴിഞ്ഞ 28നാണ് അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിന്റെ ക്രൂരമർദ്ദനമേറ്റ ഏഴ് വയസുകാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുട്ടി കളിക്കുമ്പോൾ താഴെ വീണ് പരിക്കേറ്റതാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതോടെയാണ് ക്രൂരമർദ്ദനത്തിന്റെ കഥകൾ പുറത്തുവരുന്നത്. തുടർന്ന് വിദഗ്‌ദ്ധ ചികിത്സ നൽകാൻ സർക്കാർ തലത്തിൽ അടക്കം ശ്രമിച്ചെങ്കിലും മസ്‌തിഷ്‌ക മരണം സംഭവിച്ച കുട്ടിയെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നത് അപകടമാണെന്നായിരുന്നു വിലയിരുത്തൽ. മെഡിക്കൽ ബോർഡിന്റെ സാന്നിധ്യത്തിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പ് അൽപനേരം വെന്റിലേറ്റർ മാറ്റിനോക്കിയെങ്കിലും സ്വയം ശ്വസിക്കാനുള്ള ശ്രമം ഉണ്ടായില്ല.തലച്ചോർ ഒരു ശതമാനംപോലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ കുട്ടിയുടെ കുടൽ, ഹൃദയം, വൃക്കകൾ തുടങ്ങിയ ആന്തരിക അവയവങ്ങൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ദ്രവ രൂപത്തിലുള്ള ഭക്ഷണം ഇന്നലെ വരെ കൊടുത്തിരുന്നു. എന്നാൽ ചെറിയ തോതിൽ പ്രവർത്തിച്ചിരുന്ന മറ്റ് അവയവങ്ങളും ഇന്ന് രാവിലെയോടെ പ്രവർത്തനം നിലച്ചു. രക്ത സമ്മർദ്ദം മരുന്നുകളുടെ സഹായത്തോടെയാണ് നിലനിർത്തുന്നത്. ഇന്ന് മരുന്നുകളോടും പ്രതികരിക്കാതെയായി.ഇതോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.