ഹൃദയ ശസ്ത്രക്രിയ പോലുള്ള പ്രധാന ശസ്ത്രക്രിയകൾ ആവശ്യമായി വന്നാൽ രോഗിയെ ഡെന്റൽ സർജന്മാരുടെ അടുത്തേക്കു ഡോക്ടർമാർ റഫർ ചെയ്യും. ദന്തഡോക്ടർ രോഗാണുവാഹകമായേക്കാവുന്ന പല്ലുകൾ നീക്കം ചെയ്യുകയും ദ്രവിച്ച പല്ലുകൾ അടച്ചു സംരക്ഷിക്കുകയും മോണചികിത്സകൾ ലഭ്യമാക്കുകയും ചെയ്യും. ദന്താരോഗ്യം മെച്ചപ്പെട്ട ശേഷമേ ഹൃദയ ശസ്ത്രക്രിയ, വൃക്ക ചികിത്സ, ശസ്ത്രക്രിയ ഉൾപ്പെടെയുള്ള നേത്ര ചികിത്സകൾ ഇവ നടക്കൂ.
വദനാർബുദത്തിന്റെയും അനുബന്ധ പ്രീകാൻസറസ് രോഗങ്ങളുടെയും തീക്ഷണതയെയും വ്യാപനത്തെയും കുറിച്ച് പൊതുജനങ്ങളെ ബോധവത്‌കരിക്കുകയെന്ന ഉദ്ദേശത്തോടെ മാർച്ച് 20ന് ലോക വദനാരോഗ്യദിനമായി നാം ആചരിക്കുകയുണ്ടായി.
വദനാർബുദ പ്രീകാൻസറസ് വദനരോഗങ്ങളുടെ വ്യാപനം തടയുക, പുകയില, അടയ്ക്ക, മദ്യം, ജീവിതശൈലി എന്നിവ കാരണമുണ്ടാകുന്ന വദന രോഗത്തെക്കുറിച്ച് അറിവ് പകരുകയും പ്രതിരോധം സാദ്ധ്യമാക്കുകയുമാണ് ഉദ്ദേശ്യം. നിർഭാഗ്യമെന്നു പറയട്ടെ വദനാർബുദത്തിന്റെയും അനുബന്ധ രോഗങ്ങളുടെയും വ്യാപനത്തിലും ആധിക്യത്തിലും വയനാട്ടിലും പാലക്കാടുമുള്ള ആദിവാസി സമൂഹം മുൻപന്തിയിലാണ്. ജനിതക തകരാ റുകളും, അടയ്ക്ക, ചുണ്ണാമ്പ്, പുകയില, മദ്യം ഇവയുടെ അമിത ഉപയോഗവും ഇതിനു കാരണമാകുന്നു. വയനാട്ടിലെ നല്ലൂർനാട് സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ കാൻസർ ചികിത്സയും ദന്തചികിത്സയും ലഭ്യമാണ്. കേരളത്തിലെ കാൻസർ സെന്ററുകളിലും അഞ്ച് മെഡിക്കൽ കോളേജുകളിലും എറണാകുളം ജനറൽ ആശുപത്രിയിലും കാൻസർ ചികിത്സയ്ക്ക് സൗകര്യമുണ്ട്. വരും വർഷങ്ങളിൽ ഈ സൗകര്യങ്ങൾ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതിയും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.
ഡോ. സൈമൺ മോറിസൺ,
ഡെപ്യൂട്ടി ഡയറക്ടർ ഒഫ് ഹെൽത്ത് സർവീസസ് (ഡെന്റൽ)