ഹൈദരാബാദ്: രാജ്യത്ത് ഭീകരത പ്രശ്‌നമില്ലെങ്കിൽ എന്തിനാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുഗാന്ധി എസ്.പി.ജി സുരക്ഷാവലയത്തിൽ നാടുചുറ്റുന്നതെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ആരോപിച്ചു. 'തൊഴിലാണ് പ്രശ്‌നം ഭീകരത അല്ലെന്നാണ് രാഹുൽ പറയുന്നത്. രാജ്യത്ത് ഭീകരപ്രശ്‌നമില്ലെങ്കിൽ പിന്നെ എന്തിനാണ് താങ്കൾ എസ്.പി.ജി സുരക്ഷാവലയത്തിൽ നാടുചുറ്റുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം ഇന്നേവരെ താങ്കളുടെ കുടുംബം എസ്.പി.ജി സുരക്ഷയിലാണ്. ഭീകരത ഒരു പ്രശ്‌നമായി തോന്നുന്നില്ലെങ്കിൽ, എനിക്കാരെയും ഭയമില്ലെന്നും സുരക്ഷ ആവശ്യമില്ലെന്നും എഴുതി നൽകുകയാണ് വേണ്ടത്.' -സുഷമ പറഞ്ഞു. ഹൈദരാബാദിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സുഷമ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വാസമില്ലാത്ത പ്രതിപക്ഷം ബാലാക്കോട്ട് ആക്രമണത്തിന്റെ കാര്യത്തിൽ പാക് നേതാക്കളെയാണു വിശ്വാസത്തിലെടുക്കുന്നതെന്നു സുഷമ കുറ്റപ്പെടുത്തി. വ്യോമാക്രമണത്തിനു ശേഷം നിരവധി ലോകനേതാക്കൾ ഫോണിൽ പിന്തുണ അറിയിച്ചിരുന്നു. ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ നിലപാടിനെ അവർ അഭിനന്ദിച്ചു. എന്നാൽ, പ്രതിപക്ഷ കക്ഷികൾ വിരുദ്ധനിലപാടാണു സ്വീകരിക്കുന്നത്.
2008 മുംബൈ ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ യു.പി.എ സർക്കാർ തയാറാകണമായിരുന്നുവെന്നും സുഷമ പറഞ്ഞു. സുരക്ഷ, വികസനം, ക്ഷേമം എന്നീ മൂന്നു കര്യങ്ങളിൽ ഊന്നിയാണ് എൻ.ഡി.എ പ്രചാരണം. 1.16 ലക്ഷം ഗ്രാമങ്ങളാണ് ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് വഴി ബന്ധിപ്പിച്ചിരിക്കുന്നത്. 77 പാസ്‌പോർട്ട് കേന്ദ്രങ്ങളാണ് മുമ്പ് ഉണ്ടായിരുന്നത്. ഇപ്പോഴത് 505 ആയി- സുഷമ പറഞ്ഞു.