ആനന്ദവല്ലിയുടെ വിടവാങ്ങലോടു കൂടി മലയാള സിനിമയ്‌ക്ക് നഷ്‌ടമായത് ശബ്‌ദസൗകുമാര്യത്തിന്റെ ഒരദ്ധ്യായമാണ്. 80കളിലും 90 കളിലും ആനന്ദവല്ലിയുടെ ശബ്‌ദത്തിൽ പ്രക്ഷകനു മുന്നിലെത്താത്ത നായികമാർ അപൂർവമായിരുന്നു എന്നുതന്നെ പറയാം. ശാരദ, ശോഭന, ഉർവശി, സുമലത, മേനക, സുഹാസിനി, ജയപ്രദ, ഗീത, പൂർണിമാ ജയറാം തുടങ്ങി മലയാളത്തിന്റെ നായികാ ഭാവങ്ങളെല്ലാം ആനന്ദവല്ലിയുടെ ശബ്‌ദത്തിൽ തിളങ്ങുകയായിരുന്നു.
ദേവി കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ് ആനന്ദവല്ലി ഡബ്ബിംഗ് രംഗത്തേക്ക് എത്തുന്നത്. അതിനുമുമ്പ് അറിയപ്പെടുന്ന നാടക കലാകാരിയായിരുന്നു അവർ. എത്രയോ കാലം ചെന്നൈയിൽ നിന്നും ഫ്‌ളൈറ്റിനു വന്ന് തിരുവനന്തപുരം ചിത്രാഞ്ജലിയിൽ ഡബ്ബ് ചെയ്തിട്ടുണ്ടവർ. വൈകുന്നേരത്തെ ഫ്‌ളൈറ്റിന് തിരിച്ചുപോകുകയായിരുന്നു പതിവ്. പഴയ യാത്രകളുടെ ഓർമയ്‌ക്കായി ഈയടുത്ത കാലംവരെ വലിയൊരു പെട്ടിനിറയെ ഫ്‌ളൈറ്റ് ടിക്കറ്റുകൾ താൻ സൂക്ഷിച്ചിരുന്നു എന്ന് ആനന്ദവലലി പറഞ്ഞിട്ടുണ്ട്. 250 രൂപയായിരുന്നു അന്നത്തെ ഫ്‌ളൈറ്റ് ചാർജ്.
നടി ഗീതയക്കാണ് ആനന്ദവല്ലി ഏറ്റവും കൂടുതൽ ശബ്ദം നൽകിയത്. 150 ചിത്രങ്ങൾ. ആധാരം, അഭിമന്യു, ലാൽസലാം, ചീഫ് മിനിസ്റ്റർ കെ ആർ ഗൗതമി തുടങ്ങി മാസ്റ്റേഴ്സ് വരെ ഗീതയ്ക്ക് ശബ്ദം നൽകി. ശോഭനയ്‌ക്കുവേണ്ടി നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ടി പി ബാലഗോപാലൻ എം.എ. ആധാരത്തിലെ അഭിനയത്തിന് 1992-ലെ സംസ്ഥാന അവാർഡ് ലഭിച്ചു. പത്മരാജന്റെ തൂവാനത്തുമ്പികളിലെ ക്ലാര എന്ന കഥാപാത്രത്തിനു വേണ്ടി സുമലതയ്ക്ക് ശബ്ദം നൽകിയത് മറക്കാനാവാത്തത ഓർമയാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. 'ക്ലാരയുടെ പ്രണയം ഞാനും ശരിക്കുമനുഭവിച്ചു. ഒരു മഴയായി ഇന്നും ആ കഥാപാത്രം മനസിൽ പെയ്യുന്നുണ്ട്' -എന്നായിരുന്നു തൂവാനത്തുമ്പികളെ കുറിച്ചുള്ള അവരുടെ ഓർമ്മ.
'ഫാസിലിന്റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് സമയത്ത് മോഹൻലാലിനെ പരിചയപ്പെട്ടത് നല്ല ഓർമ്മയാണ്. പൂർണിമക്കായിരുന്നു ഞാൻ ഡബ്ബ് ചെയ്‌തത്. ലൂപ്പ് സിസ്റ്റമായിരുന്നു അന്ന് ഡബ്ബിംഗിൽ. എല്ലാവരും ഒരുമിച്ചിരുന്നു ഡബ്ബ് ചെയ്യണം. അതിനിടയിലാണ് എഡിറ്റർ ശേഖറിന്റെ തോളിൽ കയ്യിട്ട് ലാൽ വന്നത്. മുടിയൊക്കെ നീട്ടിയിരുന്നു. സംഘട്ടനത്തിൽ ലാലിന്റെ കാലിനു പരിക്കേറ്റിരുന്നു. ഞാൻ ഡബ്ബിഗ് തുടങ്ങാമെന്ന് സംവിധായകനോട് പറഞ്ഞപ്പോൾ ചേച്ചി എനിക്കൊന്ന് റിഹേഴ്സൽ നോക്കാൻ കുറച്ചുസമയം തരണമെന്ന് പറഞ്ഞു. കുറേനേരം റിഹേഴ്സൽ നോക്കിയശേഷമാണ് ഡബ്ബിംഗ് തുടങ്ങിയത്'- ഒരു അഭിമുഖത്തിൽ അവർ പറഞ്ഞ വാക്കുകളാണിത്.
ഡബ്ബിംഗ് ആർട്ടിസ്‌റ്റുകൾക്ക് സിനിമയയിൽ ലഭിക്കേണ്ട പരിഗണന ഒരിക്കലും ലഭിച്ചിരുന്നില്ലെന്ന് തന്റെ ജീവിതാനുഭവത്തിലൂടെ ആനന്ദവല്ലി പലപ്പോഴും വ്യക്തമാക്കിയിരുന്നു.
'ഒരു കഥാപാത്രത്തിന്റെ ആത്മാവിന്റെ പകുതിയും ആ കഥാപാത്രത്തിന് ശബ്‌ദം നൽകുന്നവർക്ക് അവകാശപ്പെട്ടതാണ്. അഭിനയവും ശബ്‌ദവും ചേരുമ്പോഴേ ഒരു നടിയോ നടനോ പൂർണതയിലെത്തുകയുള്ളൂ. അതായത് മികച്ച കഥാപാത്രങ്ങളുടെ ആത്മാവിന്റെ പാതി ശബ്ദമാണെന്ന്. മലയാളത്തിലെ മികച്ച നടികൾക്കെല്ലാം ശബ്ദം കൊടുത്തിട്ടും അവരെല്ലാം അംഗീകാരത്തിന്റെ പടവുകൾ കയറുമ്പോൾ പലപ്പോഴും എന്നെപ്പോലുള്ളവർ കറിവേപ്പിലപോലെ അവഗണിക്കപ്പെടുകയാണ്. ചകോരത്തിലെ അഭിനയത്തിന് ശാന്തികൃഷ്ണയ്‌ക്ക് പുരസ്‌കാരം ലഭിച്ചപ്പോൾ എന്നെയാരും കണ്ടില്ല'- വിമർശിക്കാതിരിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.