jagan-mohan

ന്യൂഡൽഹി: കോൺഗ്രസിനോട് ക്ഷമിച്ചെന്നും പരാതിയോ പ്രതികാരത്തിനോ ഇല്ലെന്നും വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻമോഹൻ റെഡ്ഢി പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

''കോൺഗ്രസിനോട് ക്ഷമിച്ചിരിക്കുന്നു. തന്റെ സംസ്ഥാനത്തിനാണ് ഞാൻ മുൻഗണ നൽകുന്നത്. ആന്ധ്രയ്ക്ക് പ്രത്യക പദവി ലഭ്യമാക്കുന്നതിനാണ് മുൻഗണന. ഞാൻ ദൈവത്തിൽ വിശ്വസിക്കുകയും ദിനം പ്രതി ബൈബിൾ വായിക്കുകയും ചെയ്യുന്ന ആളാണ്. പ്രതികാരം ചെയ്യുന്നത് എന്റെ മാർഗമല്ലെന്ന് വിശ്വസിക്കുന്നു''. - ജഗൻമോഹൻ റെഡ്ഢി പറഞ്ഞു.

ആന്ധ്രപ്രദേശ് വിഭജിച്ച യു.പി.എ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് 2010ലായിരുന്നു ജഗൻ മോഹൻ റെഡ്ഡി കോൺഗ്രസ് വിട്ടത്. പാർട്ടി തന്റെ കുടുംബത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ചെന്നും അച്ഛനെ കൊലപ്പെടുത്തിയെന്നും ജഗൻ ആരോപിച്ചിരുന്നു. എന്നാൽ അത്തരം ആരോപണങ്ങളെല്ലാം ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ് അദ്ദേഹം.

ബി.ജെ.പിയേയും സംസ്ഥാനം ഭരിക്കുന്ന ടി.ഡി.പിയേയും അദ്ദേഹം ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകാമെന്ന വാഗ്ദാനത്തിൽ നിന്ന് മോദിയും ബി.ജെ.പിയും പിൻമാറി. ടി.ഡി.പിയും ബി.ജെ.പിയും ചേർന്ന് ആന്ധ്രയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും,​ മോദിയും ചന്ദ്രബാബു നായിഡും കള്ളംപറഞ്ഞാണ് അധികാരത്തിൽ എത്തിയതെന്നും അദ്ദേഹം ആരോപിച്ചു.