സായിപ്പിന്റെ
ബുദ്ധി
കോൺഗ്രസ്
വോട്ടർമാരെ കൈയ്യിലെടുക്കാൻ രാഹുലിനെ ആരും പഠിപ്പിക്കേണ്ട എന്നു പറയുന്നത് അത്ര ശരിയല്ല. കാരണം, അത് സ്‌റ്റീവ് ജാർഡിംഗ് നന്നായി പഠിപ്പിക്കുന്നുണ്ട്! ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രാഷ്‌ട്രീയ തന്ത്രങ്ങൾ പിറക്കുന്നത് സ്റ്റീവ് സായിപ്പിന്റെ ബുദ്ധിയിലാണ്. അമേരിക്കക്കാരൻ. ഹാർവാർഡ് സർവകലാശാലയിലെ മുൻ പ്രൊഫസർ. അമേരിക്കൽ തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ലോകത്തെ പല രാഷ്‌ട്രീയ കിടിലങ്ങളുടെയും ഗുരു- പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ്.
സ്റ്റീവിന്റെ അമേരിക്കൻ ബുദ്ധി ഈ തിരഞ്ഞെടുപ്പിൽ രാഹുലിനെ തുണയ്‌ക്കുമോ എന്ന് ഇപ്പോൾ പറയുക വയ്യ. 2017-ൽ യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ തന്ത്രജ്ഞനും സ്റ്റീവ് ആയിരുന്നു (സഖ്യകക്ഷിയായിരുന്ന കോൺഗ്രസിന്റെയല്ല). പ്രചാരണതന്ത്രങ്ങൾ പാളി. അഖിലേഷിന്റെ പാർട്ടി തോറ്റുതൊപ്പിയിട്ടു. തോൽവിയുടെ ഉത്തരവാദിത്വം അഖിലേഷ് അന്നു കെട്ടിവച്ചത് പ്രചാരണത്തിനു ചുക്കാൻ പിടിച്ച സായിപ്പിന്റെ തലയിൽ!
അതെന്തായാലും, രാഹുലിന് അന്നേ സ്റ്റീവിനെ ശരിക്കും ബോധിച്ചതാണ്. ഈ തിരഞ്ഞെടുപ്പിൽ, രാഹുലിന്റെ പ്രചാരണത്തിന്റെ മുഴുവൻ ചുമതലയും സ്റ്റീവ് ജാർഡിംഗിനാണ്. വോട്ടർമാരോട് എങ്ങനെ പെരുമാറണം, അവരുടെ മനസ്സിൽ ഇടംനോടാൻ കിട്ടുന്ന അവസരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തണം തുടങ്ങി, ഇരിപ്പും നടപ്പും പ്രസംഗവും വരെ സ്റ്റീവിന്റെ സംഭാവന.
പ്രശാന്ത് ഇല്ലാത്ത
പ്രചാരണം
ബി.ജെ.പി
മോദിയുടെ ചായ് പേ ചർച്ചയ്‌ക്കും മൻ കി ബാത്തിനും പിന്നിൽ മാത്രമല്ല, മോദിയെ അധികാരത്തിലേറ്റിയ 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്ത തന്ത്രങ്ങൾക്കു പിന്നിൽപ്പോലും ഒരു മുഖമായിരുന്നു- പ്രശാന്ത് കിഷോറിന്റെ മുഖം. നാൽപ്പത്തിരണ്ടു വയസ്സേയുള്ളൂ. ഡൽഹിക്കാൻ. 2017-ൽ കിഷോർ തന്ത്രങ്ങൾ മെനഞ്ഞത് യു.പി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടിയായിരുന്നു. പക്ഷേ, പരാജയപ്പെട്ടുപോയി. ബി.ജെ.പി മുന്നൂറിലധികം സീറ്റ് വാരിക്കൂട്ടിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേടാനായത് ഏഴു സീറ്റ് മാത്രം.
കാര്യമെന്തായാലും മോദിയുടെ അടുത്ത സുഹൃത്താണ് പ്രശാന്ത് കിഷോർ എന്ന പൊളിറ്റിക്കൽ സ്‌ട്രാറ്റജിസ്റ്റ്. ഉപദേശങ്ങളും തന്ത്രങ്ങളും ബിസിനസ്. അത് പ്രശാന്തിൽ നിന്ന് ആർക്കും എപ്പോഴും വിലയ്‌ക്കു വാങ്ങാം. മോദി ഗുജറാത്ത് മുഖ്യനായിരിക്കുമ്പോൾ മുതൽ ഒപ്പമുള്ള പ്രശാന്ത് കിഷോർ ആയിരിക്കും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ പ്രചാരണ ഗുരുവെന്ന് കരുതപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ സെപ്‌തംബറിൽ പ്രശാന്ത് ഒരു കടുംകൈ ചെയ്‌തുകളഞ്ഞു: പോയി ജെ.ഡി.യുവിൽ ചേർന്നു. പാർട്ടിയുടെ വൈസ് പ്രസിഡന്റുമായി.
ഐക്യ ജനതാദൾ ബി.ജെ.പി സഖ്യകക്ഷിയാണെങ്കിലും ഇത്തവണ മോദിക്കു വേണ്ടി പ്രശാന്ത് ഒരു സേവനവും നൽകുന്നില്ലെന്നാണ് കേൾവി. പ്രശാന്ത് മാത്രമല്ല, നേരത്തേ ബി.ജെ.പിയുടെ പ്രചാരണം നയിച്ചിരുന്ന അജയ് സിങ്, രാജേഷ് ജെയിൻ, അരവിന്ദ് ഗുപ്‌ത എന്നിവരൊന്നും ഇക്കുറി ചിത്രത്തിലില്ല. പിന്നെയാര്? അത് ഇലക്‌ഷൻ കഴിഞ്ഞേ മോദി വെളിപ്പെടുത്തൂ.