മുംബയ്: ഗുരുനിന്ദ എങ്ങനെ ഹിന്ദുത്വത്തിന്റെ ഭാഗമാകുമെന്ന് രാഹുൽ ഗാന്ധി. ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൽ.കെ അദ്വാനിയെ മത്സരമുഖത്ത് നിന്ന് ഒഴിവാക്കിയ നടപടിയെ വിമർശിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി വിയോജിക്കുന്നവരെ ദേശദ്രോഹികളായി ബി.ജെ.പി കണ്ടിരുന്നില്ല എന്ന അദ്വാനിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് മോദിയെ കടന്നാക്രമിച്ചുള്ള രാഹുലിന്റെ വിമർശനം.
"ഹിന്ദുത്വത്തെക്കുറിച്ച് ബി.ജെ.പി വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദുത്വത്തിൽ ഗുരു പരമോന്നതനാണ്. അത് ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതയെക്കുറിച്ച് പറയുന്നതാണ്. ആരാണ് മോദിയുടെ ഗുരു? എൽ.കെ അദ്വാനി. മോദി അദ്ദേഹത്തെ ചവിട്ടിപുറത്താക്കിയില്ലേ!" രാഹുൽ ചോദിച്ചു.
ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിൽ അദ്വാനിയെ ഒഴിവാക്കി പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്ക് സീറ്റ് നല്കിയ നടപടിയെ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമർശം. 2019ലെ തെരഞ്ഞെടുപ്പ് ആശയങ്ങൾ തമ്മിലുള്ള യുദ്ധമാണ്. കോൺഗ്രസിന്റെ സാഹോദര്യം, സ്‌നേഹം, സമത്വം എന്നീ ആശയങ്ങൾ മോദിയുടെ വെറുപ്പ്, വിദ്വേഷം, ഭിന്നിപ്പിക്കൽ എന്നീ ആശയങ്ങളോട് ഏറ്റുമുട്ടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.