election

തിരുവനന്തപുരം: ചൂടുകാലത്ത് ഉള്ളം തണുപ്പിക്കാൻ പറ്റിയതാണ് തണ്ണിമത്തൻ. ചക്കയാണെങ്കിൽ ഒന്നാന്തരം ഫലവും. ബിസ്ക്കറ്റും കേക്കുമാണെങ്കിൽ ചായയൊടൊപ്പം പറ്റിയതും. ഭക്ഷണകാര്യത്തെ പറ്റിയല്ല ഇതൊക്കെ പറയുന്നത്.. തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ഇവയെല്ലാം തങ്ങളുടെ ചിഹ്നമാക്കാം. ഇലക്ഷൻ കമ്മിഷൻ അംഗീകരിച്ച ചിഹ്നങ്ങളുടെ പട്ടികയിൽ നാട്ടിൽ സുലഭമായി കിട്ടുന്ന ഒട്ടേറെ ഇത്തരം വസ്തുക്കളുണ്ട്. എവിടെയും കാണപ്പെടുന്നതിനാൽ വോട്ടർമാർക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കാം.. ഇതാണെന്റെ ചിഹ്നം!!

ഇതുമാത്രമല്ല, കാമറയും മൊബൈൽ ഫോണും ഹെഡ്ഫോണും മൊബൈൽ ചാ‌ർജറുമടക്കം സ്വതന്ത്ര ചിഹ്നങ്ങളുടെ കൂട്ടത്തിലുണ്ട്. 198 എണ്ണം. പച്ചക്കറികളുടെയും പലഹാരങ്ങളുടെയും നീണ്ട നിര തന്നെയുണ്ട്. കോളിഫ്ലവർ, പച്ചമുളക്, വെണ്ടയ്ക്ക, കാപ്സിക്കം, ബിസ്ക്കറ്റ്, കേക്ക് അങ്ങനെ നീളുന്നു അവയുടെ നിര. ഇംഗ്ളീഷ് അക്ഷരമാല ക്രമത്തിലാണ് ചിഹ്നങ്ങളുടെ പട്ടിക. സേഫ്റ്റി പിൻ മുതൽ അലമാര, ബലൂൺ, വള, ബാറ്റ്, ബ്ളാക്ക് ബോർഡ്, ബോട്ടിൽ, ബോക്സ്, പാദരക്ഷ, കാൽക്കുലേറ്റർ, കാമറ, സൂചിയും നൂലുംവരെ സ്വതന്ത്രമാർക്ക് തിരഞ്ഞെടുക്കാവുന്ന ചിഹ്നങ്ങളാണ്. ആട്ടോറിക്ഷ, ജീപ്പ്, കാർ, വിമാനം തുടങ്ങിയവയുമുണ്ട്. മൊബൈൽ ഫോണും ഇന്റർനെറ്റും സാർവത്രികമായതോടെ കാലഹരണപ്പെട്ട തപാൽപ്പെട്ടിയും വിസ്മൃതിയിലാകാതെ അടയാളങ്ങളുടെ കൂട്ടത്തിലുണ്ട്. പോസ്റ്റ് ബോക്സിന് കൂട്ടായി ലഞ്ച് ബോക്സും മാച്ച് ബോക്സും വേറെ.

സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പട്ടികയിൽ നിന്ന് അവർക്കിഷ്ടമുള്ള ചിഹ്നം ആവശ്യപ്പെടാമെങ്കിലും അതേ ചിഹ്നം മറ്റാരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ നറുക്കിലൂടെയാവും തീരുമാനിക്കുക. പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തിന് ശേഷമേ തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം അനുവദിക്കൂ. 1968-ലെ നിയമമനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കുന്ന ചിഹ്നങ്ങളേ സ്ഥാനാർത്ഥികൾക്ക് ഉപയോഗിക്കാനാവൂ. ദേശീയ പാർട്ടികളും സംസ്ഥാന പാർട്ടികളുമൊക്കെ നേരത്തെയുള്ള അവരുടെ ചിഹ്നങ്ങളിലാവും മത്സരിക്കുക.