പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്നും മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർത്ഥി എം.ബി രാജേഷ് എം.പിയുടെ പ്രചരണത്തിനിടെയിൽ ബെെക്കിലൊളിപ്പിച്ച വടിവാൾ താഴെവീണ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വെെറലാകുന്നത്. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് തെളിവാണിതെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, ഇത് വ്യാജ പ്രചരണമാണെന്നും, വീണത് വടിവാളല്ലെന്നും സി.പി.എം വിശദീകരണം നൽകിയിരുന്നു. കൃഷിയിടത്തിൽ നിന്ന് വന്ന് ജാഥയിൽ ചേർന്നവരാണിവരെന്നും ഇവർക്ക് പാർട്ടിയുമായി യാതൊരു ബന്ധമില്ലെന്നും സി.പി.എം വ്യക്തമാക്കി.
ഇതിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ എം.എൽ.എ. "നവോത്ഥാനം താഴെ വീണു.
മറ്റു ബൈക്കുകൾ വന്ന് മറച്ച് പിടിച്ച് അത് തിരികെ വെച്ച് അവർ നവോത്ഥാന യാത്ര തുടർന്നു"എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നവോത്ഥാനം താഴെ വീണു.
മറ്റു ബൈക്കുകൾ വന്ന് മറച്ച് പിടിച്ച് അത് തിരികെ വെച്ച് അവർ നവോത്ഥാന യാത്ര തുടർന്നു .
അടുത്ത സ്വീകരണ യോഗത്തിൽ സമാധാനത്തെ പറ്റി ഒരു പ്രസംഗവും അവർ നടത്തിക്കാണും .
നമ്മുടെ ചിഹ്നം വടിവാൾ