ചിതറ: പഴകിയ ബീഫ് നൽകിയെന്നാരോപിച്ച് ഫാസ്റ്റ് ഫുഡ് സ്ഥാപന ഉടമയും പാഴ്സൽ വാങ്ങാനെത്തിയ ആളും തമ്മിൽ അടിപിടി. സംഭവത്തിൽ പരിക്കേറ്റ കിഴക്കുംഭാഗം ജംഗ്ഷന് സമീപമുള്ള എൻ.ആർ ഫാസ്റ്റ് ഫുഡ് ഉടമ മുള്ളിക്കാട് എൻ.ആർ. മൻസിലിൽ നിസാറിനെ (50)മെഡിക്കൽ കോളേജ് ആശുപത്രിയിലും കിഴക്കും ഭാഗം സ്വദേശി ഷാജഹാനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൊല്ലം ചിതറയിൽ ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. 17വർഷമായി കാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുന്നയാളാണ് നിസാർ. നിസാറിന്റെ കടയിൽ നിന്ന് ഇന്നലെ ഷാജഹാൻ ബീഫ് പാഴ്സലായി വാങ്ങിയിരുന്നു. എന്നാൽ പിന്നീട് കടയിലെത്തിയ ഷാജഹാൻതനിക്ക് നൽകിയ ബീഫ് പഴയതാണെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു. ആറുമണിക്ക് വാങ്ങിയ ബീഫ് പഴകിയതിന് തനിക്ക് ഉത്തരവാദിത്തമില്ലെന്ന് നിസാർ പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമായി.
ഇതിനിടെ നിസാർ ഷാജഹാനെ വിറക് കൊള്ളിക്കടിച്ചതായും തുടർന്ന് ഷാജഹാൻ വാഹനത്തിലുണ്ടായിരുന്ന ഇരുമ്പ് പെെമ്പ് എടുത്ത് കൊണ്ടു വന്ന് നിസാറിന്റെ തലക്കടിച്ചതായുമാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. കടയിലുണ്ടായിരുന്ന ഗ്ലാസുകളും മറ്റു ഉപകരണങ്ങളും അടിച്ചുതകർത്തു. രണ്ടുപേരുടെയും പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായി കടയ്ക്കൽ എസ്.ഐ പറഞ്ഞു.