ഈ പ്രപഞ്ചത്തെ നമ്മളെല്ലാം കാണുന്നത് തുറന്നിരിക്കുന്ന രണ്ടു കണ്ണുകൾ കൊണ്ടാണ്. ഇങ്ങനെ കാണുന്ന ഈ പ്രപഞ്ചക്കാഴ്ചകളെല്ലാം ഉള്ളതും ഇല്ലാത്തതുമായി കലർന്നു നില്ക്കുന്നവയാണ്. ഇവയിൽ ഉള്ളതേത് ? ഉള്ളതിൽ കലർന്ന് നില്ക്കുന്നതേത് ? എന്ന തിരിച്ചറിവ് വരാത്തിടത്തോളം പ്രപഞ്ചത്തെ വേണ്ടുംവിധം അറിയാനോ അനുഭവിക്കാനോ സാധിക്കില്ല. കാരണം തിരിച്ചറിവില്ലാത്തവൻ ഉള്ളതിനെ അറിയാതിരിക്കുകയും ഉള്ളതിൽ കലർന്നു നില്ക്കുന്നതെന്തെല്ലാമോ അവയെ എല്ലാമറിഞ്ഞ് അതിനെ നേരായി വിശ്വസിക്കുകയും ചെയ്യുന്നവനാണ്. ഇത്തരക്കാരെയാണ് വേദാന്തശാസ്ത്രം അജ്ഞാനി എന്നു പറയുന്നത്.
കണ്ണുകൾ രണ്ടും തുറന്നുവെച്ചാൽ ലോകത്തെയാകെ കാണാമെന്നാണു അജ്ഞാനിയുടെ വിചാരം. കണ്ണു തുറന്നുവച്ചതുകൊണ്ടു മാത്രം ലോകത്തെ കാണാനാകുമായിരുന്നെങ്കിൽ ഇരുട്ടത്തിരിക്കുന്ന ഏതൊരാൾക്കും കണ്ണുകൾ തുറന്നുവെച്ചാൽ ലോകക്കാഴ്ചകൾ കാണാമായിരുന്നു. പക്ഷെ അങ്ങനെ സംഭവിക്കുന്നില്ലല്ലോ. അതിൽ നിന്നും കണ്ണുകൾ തുറന്നു വച്ചതുകൊണ്ടു മാത്രം കാണാനാവുകയില്ലെന്നും ആവശ്യമായ വെളിച്ചം കൂടി വേണമെന്നും മനസിലാക്കാം. അപ്പോൾ ഒരു കാഴ്ച ഉണ്ടാവുന്നതിനു ആവശ്യമായ വെളിച്ചം കൂടി വേണമെന്നതാണു പ്രകൃതി നിശ്ചയം.
ഇനി തുറന്നിരിക്കുന്ന കണ്ണുകളും ആവശ്യമായ വെളിച്ചവുമുണ്ടായിരുന്നാൽ ഒരു കാഴ്ച സാധ്യമാകുമോ? ഉണ്ടാവുകയില്ല എന്നാണു അതിനുത്തരം. കാരണം കാണുന്ന കാഴ്ച എന്തെന്നറിയിക്കുന്ന ഒരറിവ് കൂടി വേണ്ടതുണ്ട്. അപ്പോഴേ കാഴ്ച യാഥാർത്ഥ്യമാവുകയുള്ളൂ. ഓരോ കാഴ്ച കാണുമ്പോഴും അതെന്താണെന്ന് അറിയിക്കുന്ന അറിവിനെ ആരാണ് ഉണ്ടാക്കുന്നത്? അത് മനസാണെന്നു പറയാം. മനസാകട്ടെ ഉള്ളതിനെക്കാൾ ഉള്ളതിൽ കലർന്നു നില്ക്കുന്നവയെന്തെല്ലാമോ അവയെയാണ് ആദ്യം കാഴ്ചക്കാരനെ അറിയിക്കുന്നത്. ഒരു പുഷ്പം കണ്ടാൽ അതിന്റെ നിറം, വലിപ്പം, സുഗന്ധം, ആകൃതി ഇതിനെയൊക്കയാണു മനസ് ആദ്യമറിയിക്കുന്നത്. ഇങ്ങനെ വേറുവേറായി ഇരിക്കുന്ന അറിവുകൾക്കെല്ലാം ആധാരമായിരിക്കുന്ന ഒരു നേരറിവ് വേറെയുണ്ട്. ഒന്നിനെ അതാക്കി നിറുത്തുന്ന ചൈതന്യമാണത്. ആ അറിവിനെ അറിയാതെ പറയുന്നതും ധരിക്കുന്നതുമായ ഒരറിവും സത്യസന്ധമല്ല. അത്തരം അറിവ് കൊണ്ടറിയുന്ന അറിവിനെയും കാഴ്ചകളെയുമാണ് മായ എന്നു തത്ത്വചിന്തകർ പറയുന്നത്. ഇത് തിരിച്ചറിയുന്നവരാണ് വിവേകികൾ.
അജ്ഞാനികൾ മായക്കാഴ്ചകളിൽ മാത്രം വ്യവഹരിക്കുന്നവരാണ്. അതുകൊണ്ടാണ് അവരുടെ ലോകം സംസാരബദ്ധമായി ഇരിക്കുന്നത്. അവർക്ക് മനസിനെ അനുസരിക്കാനും മനസുണ്ടാക്കുന്ന വികാരതലങ്ങളിൽക്കൂടി സഞ്ചരിക്കാനും മാത്രമേ കഴിയൂ. അതിനപ്പുറം വികാരവിക്ഷോഭങ്ങൾക്കപ്പുറം എത്താനുള്ള മനപ്പാകം അവർക്ക് കൈവന്നിട്ടില്ല. ഒരു നായ വസ്തുവിനെ സ്വീകരിക്കണമോ നിരാകരിക്കണമോ എന്ന് നിശ്ചയിക്കുന്നത് ആദ്യമൊന്നു മണം പിടിച്ചിട്ടാണല്ലോ. ഏതാണ്ട് അതുപോലെയാണ് മനുഷ്യനും പ്രപഞ്ചവസ്തുവിനെ അറിയാൻ മനസിനെ ഉപയോഗിക്കുന്നത്. അതാകട്ടെ ശരികളില്ലാത്ത ധാരണകൾ ഉണ്ടാകുന്നതിനേ ഉപകരിക്കൂ. അതുകൊണ്ട് നല്ലൊരു ലോകജീവിതം ആഗ്രഹിക്കുന്നവൻ ചിന്തയുടെ ഓളവും ബുദ്ധിയുടെ ഒഴുക്കും അറിവിന്റെ തെളിമയും കൊണ്ട് മനസിനു പാകം വരുത്താനാണ് ആദ്യം പരിശ്രമിക്കേണ്ടത്. പ്രാർത്ഥനയും വായനയും, ധ്യാനവും മനനവും ഊഹവും അപോഹവും ഒക്കെ അതിനു സഹായകരമാകും. ഇതിനെല്ലാം അടിസ്ഥാനമായിരിക്കേണ്ടതാകട്ടെ ശുദ്ധബോധവും. പഠിച്ചതിൽ നിന്നും ഇതൊന്നും വരികയില്ലെന്നും ഗ്രഹിച്ചതിൽ നിന്നുമാണ് ഇതെല്ലാം വരുന്നതെന്നുമുള്ള പ്രാഥമിക അറിവാണ് നാം ആദ്യം ഉറപ്പിക്കേണ്ടത്. ബോധത്തിൽ നിന്നുമാണ് ഗ്രാഹ്യമുണ്ടാകുന്നത്. അതുണ്ടായാൽ യാതൊന്നും വേറുവേറല്ലെന്ന അറിവുറയ്ക്കും. അപ്പോൾ ഉള്ളതും ഉള്ളതിൽ കലർന്നു നില്ക്കുന്ന വേററിവും തിരിച്ചറിയാനാവും. അപ്രകാരം അറിയുന്നവനാണ് ജ്ഞാനി.
ഒരിക്കൽ ഒരു അജ്ഞാനിയും ജ്ഞാനിയും കൂടി കാട് കാണാൻ പോയി. വനത്തിനുള്ളിൽ പ്രവേശിച്ച അവർ കാടിന്റെ ഗന്ധവും സംഗീതവും കുളിർമ്മയും നിറങ്ങളും ഫലങ്ങളും ഒക്കെ കണ്ടും അനുഭവിച്ചും ഉൾവനത്തിലെത്തി. നേരം ഇരുട്ടി വന്നു. അപ്പോൾ പുറത്തേക്കു കടക്കാനുളള വഴിയറിയാതെ വന്നതോടെ അജ്ഞാനി ഭയന്നുവിറച്ചു. മൃഗങ്ങളുടെ അലർച്ച കൂടി കേട്ടപ്പോൾ അയാൾ ഉറക്കെ നിലവിളിച്ചു. ജ്ഞാനിയാകട്ടെ ഇതിലൊന്നും വേവലാതിപ്പെടാതെ ഒരു പാറക്കല്ലിനു മേൽ ചമ്രംപടിഞ്ഞിരുന്ന് സ്വസ്ഥമായി ധ്യാനത്തിൽ മുഴുകി. കുറച്ചു കഴിഞ്ഞപ്പോൾ അജ്ഞാനിയുടെ നിലവിളികേട്ട് വേട്ടയ്ക്കെത്തിയ ഒരാൾ ഓടിയെത്തി. അയാളുടെ പരിഭ്രാന്തി കണ്ട് തന്റെ കൈയിലിരുന്ന റാന്തൽ വിളക്ക് വേട്ടക്കാരൻ അയാൾക്ക് കൊടുത്തു. പ്രാണരക്ഷാർത്ഥം ആ റാന്തൽവിളക്കുമായി തനിക്കൊപ്പം വന്ന ജ്ഞാനിയെ ഉപേക്ഷിച്ച് അയാൾ പരക്കം പാഞ്ഞു. ഭയന്നുവിറച്ചുകൊണ്ടുള്ള ആ ഓട്ടത്തിനിടയിൽ കൈയിലിരുന്ന റാന്തൽ നിലത്തുവീണു. അതിലെ തിരി കെട്ടുപോയി. കാട്ടിലൊറ്റപ്പെട്ട അയാൾ ഉറക്കെയുറക്കെ നിലവിളിക്കാൻ തുടങ്ങി. ഒടുവിൽ ബോധം കെട്ടു. ആ രാത്രി അവസാനിക്കാറായപ്പോഴേക്കും അയാൾക്ക് ബോധം വീണ്ടുകിട്ടി. അപ്പോൾ തന്റെ ശിരസ് ജ്ഞാനിയുടെ മടിയിൽ സുരക്ഷിതമായി ഇരിക്കുന്നത് കണ്ട് അയാൾ സമാധാനചിത്തനായി സന്തോഷിച്ചു.
ഇതാണ് ബോധം കൊണ്ട് മനപ്പാകം വന്നവന്റെയും അതില്ലാത്തവന്റെയും നില. മനപ്പാകം ജീവിതത്തെ ശാന്തവും ഭദ്രവുമാക്കും. മനപ്പാകമില്ലായ്മ ജീവിതത്തെ അശാന്തവും ഭയങ്കരവുമാക്കും എന്നു ചുരുക്കം.
ഇനി തൃപ്പാദങ്ങളുടെ ഈ വചനാമൃതം കൊണ്ട് ഒരു മനസ്നാനം ചെയ്യുക. ഭയമുണ്ടാകുന്നതെന്തുകൊണ്ടാണ്? രണ്ടുള്ളതുകൊണ്ടാണ് ഭയമുണ്ടാകുന്നത്. മറ്റൊരാളിൽ നിന്ന് അല്ലെങ്കിൽ മറ്റൊരു വസ്തുവിൽ നിന്നല്ലേ ഭയമുണ്ടാകുന്നത്. തന്നത്താൻ ഭയപ്പെടുകയില്ലല്ലോ. അപ്പോൾ ഭയമുണ്ടാകണമെങ്കിൽ തന്നിൽ നിന്ന് അന്യമായിട്ടൊന്ന് വേണം. ആ അന്യമാണ് രണ്ട്. അതിനാൽ രണ്ടാണ് ഭയത്തിന്റെ കാരണം. താൻ മാത്രമേ ഉള്ളൂ എങ്കിൽ പിന്നെ ആരെ ഭയപ്പെടണം? അതാണ് അദ്വൈതം.