കോട്ടയം: ലോട്ടറി ലോട്ടറി കമ്പം തലക്ക് പിടിച്ച ദമ്പതികൾ ദിവസവും വാങ്ങിക്കൂട്ടുന്നത് ആയിരക്കണക്കിന് രൂപയുടെ ലോട്ടറി. ഒരിക്കലെങ്കിലും ഭാഗ്യം കടാക്ഷിക്കുമെന്ന് കരുതി കടം വാങ്ങി ലോട്ടറികൾ വാങ്ങി. പക്ഷേ ഭാഗ്യം തുണച്ചില്ലെന്ന് മാത്രമല്ല കടക്കെണിയിലാവുകയും ചെയ്തു. ഒടുവിൽ ദമ്പതികൾ ജീവനൊടുക്കിയത് ഒരുമുഴം കയറിൽ.
കൊങ്ങാണ്ടൂർ വിഷ്ണുഭവനത്തിൽ വിഷ്ണുകുമാർ (35), ഭാര്യ രമ്യമോൾ (30) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ അയർക്കുന്നം പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇവർക്ക് കുട്ടികൾ ഇല്ല.
തിരുവഞ്ചൂർ സ്വദേശിയായ വിഷ്ണു കുമാർ കൊങ്ങാണ്ടൂർ പാറേൽവളവ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. ദിവസവും കെട്ടുകണക്കിന് ലോട്ടറി ടിക്കറ്റുകളാണ് വിഷ്ണു വാങ്ങി കൂട്ടുന്നത്. നിരന്തരം ലോട്ടറി വാങ്ങുന്നതിനാൽ ഇവർക്ക്സംഭവിച്ച വൻ സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. രമ്യയുടെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. രമ്യയുടെ പിതാവ് രാജപ്പൻ നായർ ഇന്നലെ വൈകിട്ട് ആറോടെ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്.