മോഹൻലാൽ സമ്മതം മൂളുകയാണെങ്കിൽ ഇതിഹാസ കഥാപാത്രമായ രാവണന്റെ കഥ സിനിമയാക്കാൻ താൻ തയ്യാറാണെന്ന് സംവിധായകൻ വിനയൻ. സാമൂഹ്യ മാദ്ധ്യമങ്ങളിൽ താൻ പങ്കുവച്ച രാവണനായുള്ള മോഹൻലാലിന്റെ ചിത്രത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുനാൾ മുതൽ തന്റെ മനസിലുള്ള കഥാപാത്രമാണ് രാവണനെന്നും, അർജുനനെക്കാളും ഭീമനെക്കാളും വ്യത്യസ്ത തലങ്ങളുള്ള പുരാണ കഥാപാത്രമാണ് രാവണനെന്ന് വിനയൻ വ്യക്തമാക്കി. ലാലിനെ പോലൊരു നടനെ വച്ച് ഒരു ചിത്രം ചെയ്യുമ്പോൾ അത്തരമൊരു സിനിമ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വിനയൻ പറഞ്ഞു.
വിനയന്റെ വാക്കുകൾ-
'മോഹൻലാലിനെ ഈ മാസം ഇരുപതാം തിയതിയേ ഞാൻ കാണുകയുള്ളൂ. അദ്ദേഹമിപ്പോൾ അമേരിക്കയിലോ മറ്റോ ആണ്. ഞങ്ങൾ തമ്മിൽ ചർച്ച ചെയ്തിട്ട് ഈ കഥ ആണ് ഒരു തീരുമാനത്തിൽ എത്തുന്നതെങ്കിൽ ഫൈനലൈസ് ചെയ്യും. രാവണൻ എന്ന കഥാപാത്രത്തെ വച്ച് ഒരു ചിത്രം ചെയ്യണമെന്ന് എന്റെ മനസ്സിൽ പണ്ട് തൊട്ടേ ഉള്ള ആഗ്രഹമാണ്. ലാലിനെ പോലുള്ള ഒരാൾ അതിന് സമ്മതം അറിയിക്കുകയാണെകിൽ ചെയ്യാൻ താല്പര്യമുള്ളതാണ്.
നമ്മുടെ പുരാണം അദ്ദേഹത്തെ സൃഷ്ടിച്ചിട്ടുള്ളത് ഭയങ്കര ഹീറോയിക് ആയ, വല്യ മനസിന്റെ ഉടമയായ, ഒരു വില്ലൻ ആയിട്ടാണ്. അതെന്റെ മനസ്സിൽ കിടപ്പുണ്ട്. അതൊരു വലിയ പ്രോജക്‌ട് ആണ്. ലാലിനെ പോലൊരു നടനെ വച്ച് ഒരു ചിത്രം ചെയ്യുമ്പോൾ അത്തരമൊരു സിനിമ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
രാവണന്റെ കഥയായിരിക്കും സിനിമയാക്കുക. രാവണൻ തന്നെയായിരിക്കും അതിലെ ഹീറോ. അല്ലാതെ ശ്രീരാമനോ, സീതയോ ഒന്നുമായിരിക്കില്ല. അവരൊക്കെ രാവണന്റെ ജീവിതത്തിൽ വന്നുപോകുന്ന കഥാപാത്രങ്ങൾ ആയിരിക്കും. ഇത് രാവണൻ എന്ന ഇതിഹാസത്തിന്റെ, തുടക്കം മുതൽ ഒടുക്കം വരെയുള്ള ഒരു കഥയായിരിക്കും.
പത്തു പതിനെട്ട് വർഷം മുൻപ് തന്നെ വലിയ ക്യാൻവാസിൽ ഗ്രാഫിക്‌സിന്റെയും മറ്റു സാങ്കേതികവിദ്യയുടെയും സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി അത്ഭുതദ്വീപ് പോലുള്ള സിനിമയെടുത്തിട്ടുള്ള ആളാണ് ഞാൻ. ഇന്നും ഇന്നലെയൊന്നുമല്ലല്ലോ അത്. എനിക്കീ ഗ്രാഫിക്സും അതുപോലെ പത്തു മുന്നൂറ് കുഞ്ഞന്മാരെ വച്ചിട്ട് അന്ന് അങ്ങനെ ഒരു പടം ചെയ്യാമെങ്കിൽ ഇത്തരമൊരു പ്രോജക്ട് ഒന്നും എന്റെ മനസിൽ ഒരു വലിയ പ്രശ്‌നമായി തോന്നുന്നില്ല.
ലാലിന്റെ കൂടി അഭിപ്രായം അറിഞ്ഞിട്ടേ എനിക്കത് കൺഫോം ചെയ്യാൻ പറ്റുള്ളൂ. കഥയുടെ ചർച്ചകൾ നടക്കാൻ പോകുന്നതേയുള്ളൂ. ഞാൻ ലാലിനെ കാണാൻ പോകുമ്പോൾ ആദ്യം പറയുന്ന സബ്‌ജക്ടും ഈ രാവണന്റെ കഥ തന്നെയായിരിക്കും'.