ലക്‌നൗ: സമാജ് വാദി പാർട്ടി നേതാവായ അഖിലേഷ് യാദവിന്റെ ഭാര്യയും കനൗജിലെ എം.പിയുമായ ഡിംപിൾ യാദവ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എസ്.പി - ബി.എസ്.പി സഖ്യം വന്നതോടെ വോട്ടു നില ഉയരുമെന്ന് ഡിംപിൾ പറഞ്ഞു. . ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കാൻ കഴിയാത്ത ബി.ജെ.പി, തങ്ങളുടെ സുരക്ഷാ സേനയെ ഉപയോഗിച്ച് ശ്രദ്ധ തിരിക്കുകയാണെന്ന് ഡിംപിൾ ആരോപിച്ചു.
അതേസമയം, ഡിംപിളിന് എതിരെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് രംഗത്തെത്തി. യാദവിന്റെ കുടുംബം സ്വജനപക്ഷപാതത്തോടെയാണ് പ്രവർത്തിക്കുന്നത്. ജാതിയും വർഗവും ഉപയോഗിച്ചും ഭിന്നത സൃഷ്ടിച്ചും യാദവ് കുടുംബം കോടികൾ സമ്പാദിക്കുകയാണെന്നും യോഗി പറഞ്ഞു. എസ്.പി - ബി.എസ്. പി സഖ്യം പിന്തുടരുന്ന സാമൂഹിക നീതിക്കു പിന്നിലെ സാമ്പത്തിക ശാസ്ത്രമാണ് ഇതെന്ന് അദ്ദേഹം അധിക്ഷേപിച്ചു.