ശ്രീനഗർ: ജമ്മു കാശ്‌മീരിലെ രജൗരിയിൽ ശനിയാഴ്ച പുലർച്ചെ പാകിസ്ഥാൻ ഭാഗത്തുനിന്നുണ്ടായ വെടിവയ്പ്പിൽ ദമ്പതികൾക്ക് പരിക്കേറ്റു. നൗഷേര സെക്ടറിലാണ് സംഭവം. വീടിനകത്തു നിൽക്കുമ്പോഴാണ് ഇവർക്ക് വെടിയേറ്റത്. സഞ്ജീവ് കുമാർ (32), റിതാ കുമാരി (28) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ബലാകോട്ടിൽ ഇന്ത്യ നടത്തിയ രണ്ടാമത്തെ മിന്നലാക്രമണത്തിന് ശേഷം അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പുകളിൽ നാല് പട്ടാളക്കാരുൾപ്പെടെ പത്ത് പേരാണ് മരിച്ചത്. 45 പേർക്ക് പരിക്കേറ്റു. ഈ മാസം രണ്ടിന് ഇന്ത്യ പാക് അതിർത്തിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാൻ സെെന്യത്തിന്റെ ഏഴ് പോസ്റ്റുകൾ ഇന്ത്യൻ സെെന്യം തകർത്തിരുന്നു. അതിർത്തിയിലെ രജൗരി, പൂഞ്ച് എന്നിവിടങ്ങളിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു.