സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഞെട്ടിക്കുന്ന പല വിവരങ്ങളും അടുത്ത കാലത്തായി പുറത്ത് വരുന്നുണ്ട്. സിനിമാ മേഖലയിൽ ഉള്ളവർ പലരും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തലും നടത്തിയിട്ടുണ്ട്. ദുരനുഭവങ്ങൾ നേരിടേണ്ടി വരുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നവരുമുണ്ട്. അത്തരത്തിലൊരു നടിയാണ് മറാഠി താരം ശ്രുതി മറാത്തെ.
അവസരം ലഭിക്കണമെങ്കിൽ കൂടെ കിടക്ക പങ്കിടാൻ ക്ഷണിച്ച നിർമാതാവിനെ ശ്രുതി കൈകാര്യം ചെയ്ത രീതിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഹ്യൂമൻ ഒഫ് ബോംബെയ്ക്ക് വേണ്ടി എഴുതിയ പോസ്റ്റിലാണ് താരം തനിക്കുണ്ടായ അനുഭവവും പ്രതികരണവും വ്യക്തമാക്കിയത്.
ചിത്രത്തിലെ പ്രധാന വേഷത്തിലേക്കുള്ള ഓഡിഷന്റെ സമയത്താണ് താരത്തിന് ഇത്തരത്തിലൊരു ദുരനുഭവം നേരിടേണ്ടി വന്നത്. തുടക്കത്തിൽ വളരെ പ്രൊഫഷനലായിട്ടായിരുന്നു നിർമാതാവിന്റെ പെരുമാറ്റം. പിന്നീട് കോംപ്രമൈസ് എന്നും ഒരു രാത്രി എന്നൊക്ക പറയാൻ തുടങ്ങുകയായിരുന്നു കക്ഷി.
നിർമാതാവിന്റെ സംസാരം കേട്ടു നിൽക്കാതെ കക്ഷിക്ക് അപ്പോൾ തന്നെ മറുപടി കൊടുക്കുകയായിരുന്നു ശ്രുതി. 'ഞാൻ താങ്കൾക്കൊപ്പം കിടക്കണം എന്നാണെങ്കിൽ ആരെയാണ് താങ്കൾ ഹീറോയുടെ കൂടെ കിടത്തുക?'. ശ്രുതിയുടെ ചോദ്യം കേട്ട് നിർമാതാവ് ഞെട്ടി. മീറ്റിംഗ് കഴിഞ്ഞ ഉടനെ അയാളുടെ പെരുമാറ്റത്തെ കുറിച്ച് മറ്റുള്ളവരെ അറിയിച്ചെന്നും അയാളോട് പ്രോജക്ട് വിട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് താരം വ്യക്തമാക്കി. അതേസമയം, നിർമാതാവിന്റെ പേര് വെളിപ്പെടുത്താൻ ശ്രുതി തയ്യാറായിട്ടില്ല.
''ഒരു നിമിഷത്തെ ധൈര്യമാണ് എന്നെക്കൊണ്ട് അത് ചോദിപ്പിച്ചത്. ആ ദിവസം ഞാൻ എനിക്ക് വേണ്ടി മാത്രമായിരുന്നില്ല, പകരം ഉല്പന്നവത്കരിക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയായിരുന്നു എഴുന്നേറ്റ് നിന്നത്.'' - ശ്രുതി പറഞ്ഞു.