chennithala-against-pinar

തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിനായുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ കിഫ്ബി വിദേശത്തുനിന്ന് മസാലബോണ്ട് വഴി 2150കോടി സമാഹരിച്ചത് കരിമ്പട്ടകയിൽ പെടുത്തിയ ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിയിൽ നിന്നാണെന്ന് ആരോപണം. ലാവ്‌ലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യൂ കമ്പനിയിൽ നിന്ന് മസാല ബോണ്ട് വാങ്ങിയതിലെ കൂടുതൽ വിവരങ്ങൾ സംസ്ഥാന സർക്കാർ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കരിമ്പട്ടികയിൽ പെടുത്തിയ കമ്പനി മസാല ബോണ്ടിൽ കടന്നുവന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കണം. ലാ‌വ്‌ലിൻ കമ്പനിയുമായി പുതിയ ഇടപാട് എങ്ങനെയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. ഇടപാടിൽ സ്വജനപക്ഷപാതവും അഴിമതിയും ഉണ്ടായെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ധനസമാഹരണത്തിനായി ഇന്ത്യൻ രൂപയിൽ പുറത്തിറക്കുന്ന ബോണ്ടുകളാണ് മസാലബോണ്ട്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾ അംഗീകരിച്ചതനുസരിച്ചാണ് ഈ ഏർപ്പാട്. ഇന്ത്യയിൽ നിന്ന് സ്ഥാപനങ്ങൾ പുറത്തിക്കുന്ന ഇന്ത്യൻ രൂപയിലുള്ള ബോണ്ടിന് മസാലബോണ്ടെന്നും ജപ്പാനിൽ നിന്നുള്ളതിന് സമുറായ് ബോണ്ട്, ചെെനയിൽ നിന്നുളളതിന് ദിസംബോണ്ട് എന്നിങ്ങിനെയാണ് പേര്. 2016ലാണ് ഇന്ത്യൻ റിസർവ്വ് ബാങ്ക് ഇത്തരത്തിലുള്ള ധനസമാഹരണത്തിന് അനുമതി നൽകിയത്. എച്ച്. ഡി. എഫ്. സി. 3000കോടിയും എൻ.ടി.പി. സി. 2000 കോടിയും ദേശീയ പാത അതോറിട്ടി 4000 കോടിയും ഇതിനുമുമ്പ് ഇത്തരത്തിൽ സമാഹരിച്ചിട്ടുണ്ട്. കിഫ്ബിയുടെ ബോണ്ടിന് 9.25ശതമാനം പലിശ നൽകേണ്ടിവരും. 2024 വരെ തിരിച്ചടവ് കാലാവധിയുണ്ട്. എന്നാൽ ഇന്ത്യൻ രൂപയിലായതിനാൽ ഡോളറിന്റെ ഏറ്റക്കുറച്ചിലുണ്ടാക്കുന്ന നഷ്ടവും ലാഭവും നിക്ഷേപകൻ വഹിക്കണം. കേരളത്തിനോ, കിഫ്ബിക്കോ അതിന്റെ ബാദ്ധ്യതയുണ്ടാകില്ലെന്ന നേട്ടമുണ്ട്. ഒരു ഇന്ത്യൻ സംസ്ഥാനം ആദ്യമായാണ് ഇത്തരത്തിൽ വിദേശത്തുനിന്ന് ധനസമാഹരണം നടത്തുന്നത്.