ന്യൂഡൽഹി: രാജ്യംമുഴുവൻ ആരാധനയോടെ നോക്കുകയാണ് കഴിഞ്ഞദിവസംമുതൽ വാർത്തകളിൽ നിറഞ്ഞ കനിഷ്ക് കടാരിയ എന്ന ബിടെക്കുകാരനെ. രാജ്യത്തെ ഏറ്റവും വലിയ പരീക്ഷയായ സിവിൽ സർവീസിൽ ഒന്നാംറാങ്ക് നേടിയാണ് മുബയ് ഐ.ഐ.ടിയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ എൻജിനിയറിംഗ് ബിരുദമെടുത്ത കനിഷ്ക് വാർത്തകളിലെ താരമായത്. എന്നാൽ, സോഷ്യൽ മീഡിയിലടക്കം ആഘോഷിക്കുന്നത് കനിഷ്കിന്റെ നന്ദിപറച്ചിലാണ്. വിജയം ആഘോഷിക്കുന്ന വേളയിൽ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം തന്റെ കാമുകിയെക്കുറിച്ചും പറഞ്ഞാണ് കനിഷ്ക് നന്ദി പറഞ്ഞത്. " ഇത് വളരെ ആശ്ചര്യമുള്ള ഒരു നിമിഷമാണ്. ഒന്നാംറാങ്ക് ലഭിക്കുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചതേയില്ല. എനിക്ക് തന്ന സഹായത്തിന്, മാനസികമായ പിന്തുണയ്ക്ക് അച്ഛനും അമ്മയ്ക്കും സഹോദരിക്കും കാമുകിക്കും നന്ദി. ഒരു നല്ല ഭരണാധികാരിയെ ജനങ്ങൾ എന്നിൽനിന്ന് പ്രതീക്ഷിക്കും. അതുതന്നെയാണ് എന്റെ ലക്ഷ്യവും. " കനിഷ്ക് ട്വിറ്ററിൽ കുറിച്ചു.
ഇതാദ്യമായിട്ടാണ് ഒരു സിവിൽ സർവീസ് ഒന്നാംറാങ്ക് ജേതാവ് തന്റെ കാമുകിക്ക് നന്ദി പറഞ്ഞ് കേൾക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽമീഡിയ കനിഷ്ക്കിനെ ആഘോഷിക്കുന്നത്.
ദളിത് വിദ്യാർത്ഥിയായ കനിഷ്ക് കണക്ക് ഓപ്ഷണൽ വിഷയമായെടുത്താണ് തന്റെ സിവിൽ സർവീസ് കടമ്പ കടന്നത്. ഭോപ്പാലിലെ രാജീവ് ഗാന്ധി വിശ്വവിദ്യാലയത്തിൽനിന്ന് കെമിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ ശ്രുതി ജയന്ത് ദേശ്‌മുഖ് ആണ് ആദ്യ അഞ്ച് റാങ്കുകാരിലെത്തിയ വനിത.
ഒന്നാംറാങ്ക് ശീലം
ബംഗളൂരുവിലെ ഒരു കമ്പനിയിൽ ഡേറ്റാ സയന്റിസ്റ്റ് ആയി ജോലിനോക്കിയിരുന്ന കനിഷ്കിന് ഒന്നാംറാങ്ക് ഒരു പുതുമയല്ല. 2010 ൽ ജോയിന്റ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ)യിൽ എസ്.സി വിഭാഗത്തിൽനിന്ന് ഒന്നാംറാങ്ക് കനിഷ്കിനായിരുന്നു. ജയ്പൂരിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനായ സൻവാർ മാൽ വർമ്മയുടെ മകനാണ് കനിഷ്ക്. മൈക്രോസോഫ്ടിലായിരുന്നു കനിഷ്കിന്റെ ഇന്റേൺഷിപ്പ്.