ന്യൂഡൽഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് അരുണാചൽ പ്രദേശിൽ രേഖപ്പെടുത്തി. ഐ.ടി.ബി.പിയുടെ എ ടി.എസ് വിഭാഗം മേധാവി ഡി.ഐ.ജി സുധാകർ നടരാജനാണ് സർവീസ് വോട്ട് വിഭാഗത്തിലുള്ള ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ പത്ത് മുതലാണ് രാജ്യത്തെ സർവീസ് വോട്ടുകൾ രേഖപ്പെടുത്തിയത്. ഐ.ടി.ബി.പിയുടെ ലോഹിത്പുറിലെ അനിമൽ ട്രെയിനിംഗ് സ്‌കൂളിൽവച്ചാണ് വോട്ട് രേഖപ്പെടുത്തൽ നടന്നത്.
പോസ്റ്റൽ ബാലറ്റ് വഴിയാണ് സർവീസ് വോട്ടുകൾ രേഖപ്പെടുത്തുന്നത്. തുടർന്ന് ഇത് സീൽ ചെയ്ത് നിക്ഷേപിക്കും. അരുണാചൽ പ്രദേശിൽ വിന്യസിച്ചിട്ടുള്ള അയ്യായിരത്തോളം സൈനികരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ ആയിരം പേർ ഐ.ടി.ബി.പിയിൽ നിന്നുള്ളവരാണ്. ഏഴുഘട്ടങ്ങളായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രിൽ11നാണ് ആരംഭിക്കുക. മേയ് 19ന് വോട്ടെടുപ്പ് അവസാനിക്കും. മേയ് 23 ന് രാജ്യത്ത് വോട്ടെണ്ണൽ നടക്കും.