കൊണ്ട വിശ്വേശ്വർ റെഡ്ഡി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ മത്സരരംഗത്തുള്ള കോടീശ്വരന്മാരിൽ നമ്പർ വൺ ആണ് കക്ഷി. തെലുങ്കാനയിലെ ചേവെല്ല മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക നൽകിയ റെഡ്ഡി വെളിപ്പെടുത്തിയിരിക്കുന്ന ആസ്‌തി 895 കോടി!
റെഡ്ഡിയുടെ സമ്പാദ്യത്തിന്റെ വലുപ്പം കേട്ട് അമ്പരക്കാൻ സ്കോപ്പില്ല. സിറ്റിംഗ് എം.പിയായ കൊണ്ട വിശ്വേശ്വർ റെഡ്ഡി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെളിപ്പെടുത്തിയ ആസ്‌തി തന്നെ 528 കോടി ആയിരുന്നു. ഐ.ടി ഭീമനായ വിപ്രോയുടെ ഹോസ്‌പിറ്റൽ ഇൻഫർമേഷൻ സിസ്‌റ്റംസ് സി.ഇ.ഒയും മാനേജിംഗ് ഡയറക്‌ടറും ആയിരുന്നയാൾ. ഭാര്യ സംഗീതാ റെഡ്ഡി അപ്പോളോ ഹോസ്‌പിറ്റൽസ് സ്ഥാപകൻ പ്രതാപ് സി. റെഡ്ഡിയുടെ മകൾ. വിശ്വേശ്വർ റെഡ്ഡിയുടെ മുത്തച്ഛൻ കൊണ്ട വെങ്കിട രംഗറെഡ്ഡിയുടെ പേരിലാണ് തെലുങ്കാനയിലെ ഒരു ജില്ല തന്നെ- രംഗ റെഡ്ഡി! ഇനി ഒരു വിശേഷം കൂടിയുണ്ട്- കഴിഞ്ഞ തവണ വിശ്വേശ്വർ റെഡ്ഡി ടി.ആർ.എസ് പാർട്ടിയിലായിരുന്നു. പിന്നെ കോൺഗ്രസിലേക്ക് കണ്ടം ചാടി.
ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് മത്സരിക്കുന്ന വൈ.എസ്.ആർ കോൺഗ്രസ് നേതാവ് പ്രസാദ് വീര പൊട്‌ലൂരി ആണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പിലെ അതിസമ്പന്നരിൽ രണ്ടാമൻ. ആസ്‌തി 347 കോടി. ആന്ധ്രയിലെ നരസപുരത്തു നിന്ന് ജനവിധി തേടുന്ന വൈ.എസ്.ആർ കോൺഗ്രസിലെ കനുമുരു രഘുരാമ കൃഷ്‌ണരാജു 325 കോടിയുടെ ആസ്‌തിയുമായി തൊട്ടു പിറകേ.
ഏപ്രിൽ 11-ന് ഇരുപത് സംസ്ഥാനങ്ങളിലെ 91 ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി നാമനിർദ്ദേശപത്രിക നൽകിയ 1297 പേരിൽ 32 ശതമാനം പേർ ഒരു കോടിക്കു മുകളിൽ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തിയവരാണ്.
കോൺഗ്രസിൽ നിന്ന് മത്സരരംഗത്തുള്ള 83 സ്ഥാനാർത്ഥികളിൽ 69 പേരും കോടീശ്വരന്മാർ. 83 ബി.ജെ.പി സ്ഥാനാർത്ഥികളിൽ ഒരു കോടിക്കു മേൽ സമ്പാദ്യമുള്ളത് 65 പേർക്ക്. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയിലും കെ. ചന്ദ്രശേഖർ റാവുവിന്റെ തെലുങ്കാന രാഷ്‌ട്ര സമിതിയിലുമാണ് സമ്പൂർണ കോടീശ്വര വിളയാട്ടം. ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്ന 25 ബി.എസ്.പിക്കാരും 17 ടി.ആർ.എസ് നേതാക്കളും ഒരു കോടിക്കു മുകളിൽ സ്വത്തുള്ളവരാണ്. മത്സരിക്കുന്ന കോടീശ്വരന്മാർ ആകെ വെളിപ്പെടുത്തിയ സമ്പാദ്യം വച്ചു നോക്കിയാൽ പ്രതിശീർഷ സമ്പാദ്യം 6.63 കോടി വരും!
കാശിന്റെ കാര്യം വിട്ട്, കേസുകളുടെ കണക്കു നോക്കിയാൽ കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മുൻനിരയിൽ. സ്ഥാനാർത്ഥികളിൽ 35 പേർ ക്രിമിനൽ കേസുകളുള്ളവരാണ്. ബി.ജെ.പിയിൽ 36 ശതമാനം. ക്രിമിനൽ പശ്ചാത്തലമുള്ള മൂന്നു സ്ഥാനാർത്ഥികളെങ്കിലും ഒരു മണ്ഡലത്തിൽ മത്സരിക്കുന്നെങ്കിൽ അവിടെ റെഡ് അലർട്ട് പ്രഖ്യാപിക്കണമെന്നാണ് തിരഞ്ഞെടുപ്പു ചട്ടം. അങ്ങനെ, ക്രിമിനൽ സ്ഥാനാർത്ഥികളുടെ പെരുപ്പംകൊണ്ട് റെഡ് അലർട്ടിലായ 37 മണ്ഡലങ്ങളുണ്ട്, ഒന്നാം ഘട്ടത്തിൽ. പേടിക്കരുത്- പത്തു സ്ഥാനാർത്ഥികൾ കൊലപാതക കേസുകളിൽ പ്രതികളാണ്. ബലാത്സംഗം, മാനഭംഗം, സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകളിൽപ്പെടുന്ന കുറ്റങ്ങളുമായി 16 പേർ മത്സരരംഗത്തുണ്ട്.
ജനാധിപത്യ ഇന്ത്യയിൽ നിയമനിർമ്മാണ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നവരിൽ 66 പേർ സംപൂജ്യ നിരക്ഷരരാണ്! 42 ശതമാനം സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത അഞ്ചാം ക്ളാസിനും പന്ത്രണ്ടാം ക്ളാസിനുമിടയിൽ. 619 പേർ ബിദുദമോ അതിനും മുകളിലോ യോഗ്യതയുള്ളവരാണ്. ഒന്നാംഘട്ടത്തിലെ വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം 89. അതായത് ആകെ സ്ഥാനാർത്ഥികളിൽ ഏഴു ശതമാനം.