ന്യൂഡൽഹി: എന്തെങ്കിലും അത്ഭുതം സംഭവിച്ചില്ലെങ്കിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മേനകാ ഗാന്ധി പറഞ്ഞു. ഒരാൾ ഒന്നിലധികം സീറ്റിൽ നിന്ന് മത്സരിക്കുന്നതിൽ തെറ്റില്ലെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയിൽ കാര്യമായ പിന്തുണയില്ലാത്തതിനാൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യാതൊരു മുന്നേറ്റവുമുണ്ടാക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻപൂർ മണ്ഡലത്തിൽ നിന്നും താൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മേനകാ ഗാന്ധി പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ ഭർത്താവ് സഞ്ജയ് ഗാന്ധി രണ്ട് തവണയും മകൻ വരുൺ ഗാന്ധി കഴിഞ്ഞ തിരഞ്ഞെടുപ്പിലും വിജയിച്ച മണ്ഡലമാണിത്. ഇത്തവണ മണ്ഡലത്തിൽ മികച്ച രീതിയിലുള്ള പ്രവർത്തനമാണ് കാഴ്‌ച വയ്‌ക്കുന്നത്. അതുകൊണ്ട് വിജയം തനിക്കൊപ്പമായിരിക്കുമെന്നും അവർ പറഞ്ഞു. പാർട്ടി പറഞ്ഞാൽ രാഹുൽ ഗാന്ധിക്കെതിരെ അമേത്തിയിലും സോണിയാ ഗാന്ധിക്കെതിരെ റായ്‌ബറേലിയിലും പ്രചാരണത്തിന് ഇറങ്ങാൻ താൻ തയ്യാറാണ്. ഇന്ത്യയിൽ ഇപ്പോൾ കോൺഗ്രസിന്റെ രാഷ്ട്രീയത്തിന് പ്രസക്തി നഷ്‌ടപ്പെട്ടിരിക്കുയാണ്. എന്നാൽ ബി.ജെ.പിയെ ജനങ്ങൾ കൂടുതൽ ഏറ്റെടുക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടുകൾ നേടി ബി.ജെ.പി അധികാരത്തിൽ കയറുമെന്നും മേനകാ ഗാന്ധി കൂട്ടിച്ചേർത്തു.