കോഴിക്കോട്: ഒളികാമറ വിവാദത്തിൽ അകപ്പെട്ട കോഴിക്കോട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ എം.പിക്കെതിരെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. മുഹമ്മദ് റിയാസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഇടതുമുന്നണി സ്ഥാനാർത്ഥി എ പ്രദീപ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ കൂടിയായ മുഹമ്മദ് റിയാസ് മൂന്ന് കാര്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.കെ. രാഘവൻ 20 കോടി രൂപ ചെലവഴിച്ചുവെന്നാണ് ഒളികാമറ ദൃശ്യങ്ങളിൽ പ്രകടമാകുന്നത്. എന്നാൽ രാഘവൻ തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കിൽ 53 ലക്ഷം രൂപയെന്നാണ്. ഇതിനർത്ഥം കണക്കിൽ വൻ കൃത്രിമം നടന്നുവെന്നാണ്. രണ്ട്: ഇത്തവണ ഇതിലും കൂടുതൽ പണം ചെലവുവരുമെന്ന് പറയുന്നതായും ഒളികാമറ ദൃശ്യത്തിൽ വ്യക്തമാകുന്നുണ്ട്.
മൂന്ന് : തിരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും രാഘവൻ ലംഘിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. അതിനാൽ ഇതു സംബന്ധിച്ച് അന്വേഷണം നടത്തണം.
ഇടത് മുന്നണിയുടെ ആവശ്യം നിരാകരിച്ച് എം.കെ. രാഘവന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വെള്ളിയാഴ്ച സ്വീകരിച്ചിരുന്നു. തുടർന്നാണ് പരാതിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മുമ്പാകെ എത്തിയത്.