1. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ, സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബി വിദേശത്തു നിന്ന് മസാല ബോണ്ട് വഴി 2150 കോടി സമാഹരിച്ചത് കരിമ്പട്ടികയില്‍ പെടുത്തിയ ലാവ്ലിനുമായി ബന്ധമുള്ള കമ്പനിയില്‍ നിന്ന് എന്ന് ആരോപണം. ലാവ്ലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യു കമ്പനിയില്‍ നിന്ന് മസാല ബോണ്ട് വാങ്ങിയതിലെ വിവരങ്ങള്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്നും പ്രതിപക്ഷ നേതാവ്
2. ലാവ്ലിന്‍ കമ്പനിയുമായി പുതിയ ഇടപാട് ഉണ്ടായത് എങ്ങനെ എന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. ഇടപാടില്‍ സ്വജനപക്ഷപാതവും അഴിമതി ഉണ്ടായെന്ന് സംശയിക്കുന്നു. ഇന്ത്യയ്ക്ക് പുറത്തു നിന്ന് ധനസമാഹരണത്തിന് ആയി ഇന്ത്യന്‍ രൂപയില്‍ പുറത്തിറക്കുന്ന ബോണ്ടുകള്‍ ആണ് മസാല ബോണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ പെന്‍ഷന്‍ വാങ്ങിയിട്ട് എല്‍.ഡി.എഫിന് വോട്ട് ചെയ്യാതിരുന്നാല്‍ ദൈവം ചോദിക്കും എന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയ്ക്കും ചെന്നിത്തലയുടെ മറുപടി
3. ക്ഷേമ പെന്‍ഷന്‍ ആരുടേയും ഔദാര്യമല്ല. അര്‍ഹതപ്പെട്ടവരുടെ അവകാശം ആണെന്ന് മന്ത്രി ഓര്‍ക്കണം. സംസ്ഥാനത്ത് ആദ്യമായിട്ടല്ല ഒരു സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നത്. പിണറായി വിജയന്റെ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന പണമല്ല ഇതിന് ഉപയോഗിക്കുന്നത്. വോട്ടര്‍മാരെ ഭയപ്പെടുത്താന്‍ ആണ് ദേവസ്വം മന്ത്രി ശ്രമിച്ചത് എന്നും ചെന്നിത്തല
4. കര്‍ഷകരുടെ മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകില്ല. ഇത് സംബന്ധിച്ച് വിശദീകരണം തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഫയല്‍ തിരിച്ച് അയച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനം എന്നും മീണ. ഒകേ്ടാബര്‍ വരെ മൊറട്ടോറിയത്തിന് കാലാവധി ഉള്ളപ്പോള്‍ ഇപ്പോള്‍ അടിയന്തരമായി നീട്ടേണ്ട ആവശ്യം എന്തെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചോദിച്ചതായും സൂചന
5. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന് എതിരാ കോഴ ആരോപണത്തില്‍ കളക്ടറുടെയും ഡി.ജി.പിയുടേയും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചു. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി എന്നും ടീക്കാറാം മീണ. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ആകെ സമര്‍പ്പിക്കപ്പെട്ട 303 പത്രികകളില്‍ 242 എണ്ണം സ്വീകരിച്ചു. ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ട വയനാട്ടില്‍ മത്സര രംഗത്തുള്ളത് 22 സ്ഥാനാര്‍ത്ഥികള്‍
6. വയനാട്-22, ആറ്റിങ്ങല്‍-21, പത്തനംതിട്ട-7, ആലത്തൂര്‍-7, കോട്ടയം-7 എന്നിങ്ങനെ ആണ് വിവിധ മണ്ഡലങ്ങളില്‍ സ്വീകരിക്കപ്പെട്ട പത്രികകളുടെ എണ്ണം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. സംസ്ഥാനത്ത് ആകെ 2, 61, 46, 853 വോട്ടര്‍മാര്‍ ഉണ്ടെന്നും 73,000 പ്രവാസി വോട്ടര്‍മാര്‍ ഉണ്ടെന്നും മീണ. അതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത എസ്. നായര്‍ നല്‍കിയിരുന്ന പത്രികകള്‍ തള്ളി. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് സരിത രണ്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാല്‍ ആണ് പത്രിക തള്ളിയത് എന്ന് മുഖ്യ വരണാധികാരി.
7. തൊടുപുഴയില്‍ അമ്മയുടെ ആണ്‍സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴു വയസുകാരന്‍ മരിച്ചു. മരണകാരണം തലയോട്ടിക്കേറ്റ ഗുരുതര പരിക്ക്. മര്‍ദ്ദനത്തെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവന്‍ നിലനിറുത്തി ഇരുന്നത്. ആശുപത്രിയിലെ ഡോക്ടര്‍മാരും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘവും കഴിഞ്ഞ 10 ദിവസമായി ഏഴ് വയസുകാരന്റെ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുക ആയിരുന്നു
8. ഇന്നലെ കുട്ടിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കുടലിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നതിനാല്‍ ദ്രവരൂപത്തില്‍ ഭക്ഷണം നല്‍കുന്നത് നിറുത്തി വച്ചിരുന്നു. രാത്രിയോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആവുകയും രക്തസമ്മര്‍ദ്ദം താഴുകയും ആയിരുന്നു. കുട്ടിയെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ അമ്മയുടെ ആണ്‍സുഹൃത്ത് അരുണ്‍ ആനന്ദിന് എതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. സംഭവത്തില്‍ ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസ് എടുക്കുകയും ചെയ്തിരുന്നു
9. സംസ്ഥാനത്ത് സൂര്യതാപ, സൂര്യാഘാത മുന്നറിയിപ്പുകള്‍ നീട്ടി. നാളെയും മറ്റന്നാളും വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം. ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിലുണ്ട്. ഇത് സൂര്യാഘാതത്തിനും സൂര്യതാപത്തിനും ഇടയാക്കും എന്നും കാലാവസ്ഥാ കേന്ദ്രം. സംസ്ഥാനത്ത് ഇന്നലെ മാത്രം 26 പേര്‍ വിവിധ ആശുപത്രികളില്‍ സൂര്യതാപമേറ്റ് ചികിത്സ തേടിയിരുന്നു
10. വയനാട്ടില്‍ സി.പി.എം- കോണ്‍ഗ്രസ് അവിശുദ്ധ സഖ്യം എന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. സി.പി.എമ്മിന് എതിരെ ഒരക്ഷരം മിണ്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കൂട്ടുകെട്ടിന് തെളിവ്. കോണ്‍ഗ്രസില്‍ എത്തിയ ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയ്ക്കും പിയൂഷ് ഗോയലിന്റെ വിമര്‍ശനം. മോദി വിരുദ്ധ പ്രസ്താവനയിലൂടെ സിന്‍ഹ കോണ്‍ഗ്രസിലെ ഒന്നാം കുടുംബത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു. പദവി ലഭിക്കാത്തതിനാല്‍ പാര്‍ട്ടി വിടുന്നത് ദൗര്‍ഭാഗ്യകരം. ബി.ജെ.പി മുന്നോട്ടു പോകുന്നത് വ്യക്തികളെ അല്ല പ്രത്യേയ ശാസ്ത്രത്തെ ആശ്രയിച്ച്. അനവസരത്തില്‍ മുന്നണി മാറിയ സിന്‍ഹയോട് ജനം ചോദിക്കും എന്നും ഗോയലിന്റെ കൂട്ടിച്ചേര്‍ക്കല്‍