thomas-isaac

തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിനായി സംസ്ഥാന സർക്കാർ വിദേശരാജ്യങ്ങളിൽ നിന്നും മസാല ബോണ്ട് പിരിച്ചത് ചട്ടങ്ങൾ അനുസരിച്ചാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത് പോലെ സി.ഡി.പി.ക്യു കമ്പനിക്ക് ലാവ്‌ലിനുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യയിൽ നിരവധി നിക്ഷേപങ്ങൾ നടത്തിയിട്ടുള്ള കമ്പനിയാണ് സി.ഡി.പി.ക്യൂ. ഈ കമ്പനിയെ കനേഡിയൻ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കിഫ്ബി പ്രവർത്തനങ്ങളിൽ അമ്പരന്നത് കൊണ്ടാണ് പ്രതിപക്ഷം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ബി.ജെ.പി ആരോപണമാണ് ചെന്നിത്തല ഏറ്റുപിടിച്ചതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ സ്ഥാപനമായ കിഫ്ബി വിദേശത്തുനിന്ന് മസാലബോണ്ട് വഴി 2150കോടി സമാഹരിച്ചത് കരിമ്പട്ടികയിൽ പെടുത്തിയ ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിയിൽ നിന്നാണെന്ന ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലാവ്‌ലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യൂ കമ്പനിയിൽ നിന്ന് മസാല ബോണ്ട് വാങ്ങിയതിലെ കൂടുതൽ വിവരങ്ങൾ സംസ്ഥാന സർക്കാർ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കരിമ്പട്ടികയിൽ പെടുത്തിയ കമ്പനി മസാല ബോണ്ടിൽ കടന്നുവന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കണം. ലാ‌വ്‌ലിൻ കമ്പനിയുമായി പുതിയ ഇടപാട് എങ്ങനെയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. ഇടപാടിൽ സ്വജനപക്ഷപാതവും അഴിമതിയും ഉണ്ടായെന്ന് സംശയിക്കുന്നതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ധനസമാഹരണത്തിനായി ഇന്ത്യൻ രൂപയിൽ പുറത്തിറക്കുന്ന ബോണ്ടുകളാണ് മസാലബോണ്ട്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾ അംഗീകരിച്ചതനുസരിച്ചാണ് ഈ ഏർപ്പാട്. ഇന്ത്യയിൽ നിന്ന് സ്ഥാപനങ്ങൾ പുറത്തിക്കുന്ന ഇന്ത്യൻ രൂപയിലുള്ള ബോണ്ടിന് മസാലബോണ്ടെന്നും ജപ്പാനിൽ നിന്നുള്ളതിന് സമുറായ് ബോണ്ട്, ചെെനയിൽ നിന്നുളളതിന് ദിസംബോണ്ട് എന്നിങ്ങിനെയാണ് പേര്. 2016ലാണ് ഇന്ത്യൻ റിസർവ്വ് ബാങ്ക് ഇത്തരത്തിലുള്ള ധനസമാഹരണത്തിന് അനുമതി നൽകിയത്. ഒരു ഇന്ത്യൻ സംസ്ഥാനം ആദ്യമായാണ് ഇത്തരത്തിൽ വിദേശത്തുനിന്ന് ധനസമാഹരണം നടത്തുന്നത്.