ആദ്യ മോഡൽ സി5 എയർക്രോസ് എസ്.യു.വി
ചെന്നൈ: പ്രമുഖ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോയെൻ ഇന്ത്യയിൽ ചുവടുവയ്ക്കുന്നു. പി.എസ്.എ ഗ്രൂപ്പിന് കീഴിലുള്ള സിട്രോയെൻ ഒരു നൂറ്റാണ്ടുകാലത്തെ പാരമ്പര്യ പെരുമയുമായാണ് ഇന്ത്യയിലെത്തുന്നത്. സി.കെ. ബിർള ഗ്രൂപ്പുമായി സഹകരിച്ചാണ് ഇന്ത്യയിലെ പ്രവർത്തനം. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ വാഹനമായി എസ്.യു.വിയായ സി5 എയർക്രോസ് 2020 സെപ്‌തംബറിൽ വില്‌പനയ്‌ക്കെത്തും. ശ്രേണിയിലെ ഏറ്റവും ആകർഷകമായ വിലയിലായിരിക്കും സി5 എയർക്രോസ് എത്തുകയെന്ന് പി.എസ്.എ ഗ്രൂപ്പ് മാനേജിംഗ് ബോർഡ് ചെയർമാൻ കാർലോസ് ടവാരെസ് പറഞ്ഞു.
തമിഴ്‌നാട്ടിലെ ഹൊസൂർ പ്ലാന്റിലാണ് നിർമ്മാണം. പ്രതിവർഷം ഒരുലക്ഷം കാറുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ നിന്ന് കയറ്റുമതിയും പരിഗണിക്കുന്നുണ്ടെന്ന് സി.ഇ.ഒ ലിൻഡ ജാക്‌സൺ, ഇന്ത്യ പസഫിക് മേഖല മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ എമ്മാനുവൽ ഡെലെ എന്നിവർ പറഞ്ഞു. ആകർഷകവും സ്‌റ്റൈലിഷുമായ രൂപഭംഗിയും പ്രീമീയം ടച്ചുള്ള ഫീച്ചറുകളും മികച്ച ഫെർഫോമൻസ് കാഴ‌്ചവയ്‌ക്കുന്ന പെട്രോൾ, ഡീസൽ എൻജിനുകളും സി5 എയർക്രോസിന്റെ പ്രധാന മികവുകളാണ്.