തിരുവനന്തപുരം: ക്ഷേമ പെൻഷൻ വാങ്ങുന്നവർ പിണറായി വിജയൻ സർക്കാരിന് വോട്ടുചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. ക്ഷേമ പെൻഷൻ ആരുടെയും ഔദാര്യമല്ല, അർഹതപ്പെട്ടവരുടെ അവകാശമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പിണറായി വിജയന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പണമല്ല പെൻഷൻ വിതരണത്തിന് ഉപയോഗിക്കുന്നത്. വോട്ടർമാരെ ഭയപ്പെടുത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കണ്ണൂരിൽ വെള്ളാവിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രസംഗം. 600 രൂപ 1200 രൂപയാക്കി പെൻഷൻ വീട്ടിൽ കൃത്യമായി എത്തിക്കുന്ന പിണറായി വിജയന് വോട്ട് കൊടുക്കാൻ നിങ്ങൾ പറയണം. ഇല്ലെങ്കിൽ ദൈവം ചോദിക്കുമെന്ന് അവരോട് പറഞ്ഞാൽ മതി. ഈ പൈസയും മേടിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കിൽ ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ മുകളിലിരുപ്പുണ്ട്. നിശ്ചയമായിട്ടും ചോദിച്ചിരിക്കുമെന്ന് പറയാൻ നമുക്ക് സാധിക്കണം. നമ്മളിത് പറഞ്ഞില്ലെങ്കിൽ ബി.ജെ.പിക്കാരും കോൺഗ്രസുകാരും പോയി വേറെ എന്തെങ്കിലും പറഞ്ഞ് ഈ പാവപ്പെട്ടവരെ പറ്റിക്കും.” എന്നായിരുന്നു മന്ത്രി പ്രസംഗിച്ചത്.