തിരുവനന്തപുരം: പാരമ്പര്യ നെയ്‌ത്തുകാരുടെ കരവിരുതും വൈദഗ്ദ്ധ്യവും കൈത്തറി ഉത്പന്നങ്ങളിൽ ചാലിച്ച് നാല് പതിറ്റാണ്ടായി വിജയക്കൊടി പാറിക്കുന്ന കസവുകടയുടെ പുതിയ ഉത്പന്നമായ 'പ്രൗഢി' മുണ്ടുകൾ വിപണിലെത്തി. പ്രകൃതിദത്ത ഡൈ ഉപയോഗിച്ച് കളർ നൂൽ കൊണ്ട് നെയ്‌തെടുത്ത മുണ്ടുകളാണിവ. പുതുതലമുറയുടെ ഫാഷനായി കൈത്തറി ഉത്‌പന്നങ്ങളെ വളർത്തിയ കസവുകട, നേരത്തേ പുറത്തിറക്കിയ ചുരിദാറും മുണ്ടിന്റെ കരയ്‌ക്കിണങ്ങിയ ഷർട്ടുകളും യുവാക്കൾക്കിടെയിൽ തരംഗമായിരുന്നു.
മുണ്ടിന്റെ കരയ്ക്ക് ഇണങ്ങുന്ന ഷർട്ട് ആദ്യമായി വിപണിയിൽ ഇറക്കിയത് കസവുകടയാണ്. മുഹൂർത്ത കസവുസാരികൾ, സെറ്റ് മുണ്ട്, ഡബിൾ മുണ്ട് എന്നിവ വധൂ-വരന്മാരുടെ അഭിരുചിക്കനുസരിച്ച് മുൻകൂട്ടി ഓർഡർ സ്വീകരിച്ച്, കസവുകട നെയ്‌തു കൊടുക്കുന്നുണ്ട്. അരി കൊണ്ട് പശയുണ്ടാക്കിയ ശേഷം, ഇളം വെയിലിൽ ശുദ്ധ വെളിച്ചെണ്ണ പരുവപ്പെടുത്തിയുള്ള പാവാണ് തുണിത്തരങ്ങൾ നെയ്യാൻ കസവുകട ഉപയോഗിക്കുന്നത്. 1979ൽ കോവളം പെരിങ്ങമലയിൽ ആരംഭിച്ച നെയ്‌ത്ത് കൂട്ടായ്‌മയാണ് കസവുകടയായി വളർന്നത്. വിവിധ കൈത്തറി സംഘങ്ങൾ വഴിയും ചെറുകിട കുടിൽ വ്യവസായങ്ങൾ വഴിയും ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള കൈത്തറി ഉത്പന്നങ്ങളാണ് കസവുകടയിലെത്തുന്നത്.
ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ഒറിജിനൽ കസവ് കൊണ്ടുവന്നാണ് തുണിത്തരങ്ങൾ ഗുണമേന്മയോടെ നെയ്‌തെടുക്കുന്നത്. പരമ്പരാഗത കൈത്തറി വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയും കൈത്തറി മേഖലയിലെ മറ്റ് തൊഴിലാളികൾ വേറെ തൊഴിൽ തേടിയപ്പോഴും തൊഴിലാളികളെ മാന്യമായ ശമ്പളം നൽകി സംരക്ഷിച്ചതും കസവുകടയായിരുന്നു. നിലവിൽ കസവുകടയ്ക്ക് കേരളത്തിൽ 12 ഷോറൂമുകളാണുള്ളത്. ഷർട്ടിനും മുണ്ടിനും മാത്രമായി എറണാകുളത്തും കോഴിക്കോടും രണ്ട് ഷോറൂമുകൾ വീതമുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, തിരുവല്ല, തൊടുപുഴ, കോട്ടയം, തൃശൂർ, തലശേരി എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകൾ. 4,500ഓളം തൊഴിലാളികളാണ് കസവുകടയിൽ പ്രത്യക്ഷമായും അല്ലാതെയും തൊഴിലെടുക്കുന്നത്.