ഉമാ ഭാരതി പറഞ്ഞാൽ പറഞ്ഞതാണ്. ഇത്തവണ മത്സരിക്കാനില്ല എന്നു പറഞ്ഞാൽ ഇല്ല. പാട്ടിയോട് പിണങ്ങിയിട്ടൊന്നുമല്ല- അടുത്ത ഒന്നര വർഷം ഉമ ഗംഗായാത്രയിലായിരിക്കും. അത്യാവശ്യം സമ്മർദ്ദമൊക്കെ പാർട്ടി ഉമയ്‌ക്കു മേൽ ചെലുത്തിനോക്കി. നോ രക്ഷ! കാത്തിരുന്നിട്ട് കാര്യമില്ലെന്ന് ബോദ്ധ്യമായതോടെ ഇന്നലെ ഉമയുടെ ജ്ഝാൻസി (യു.പി) മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അനുരാഗ് ശർമ്മ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജ്ഝാൻസിയിൽ നിന്ന് 1,90,467 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാധ്വി ഭാരതി ജ്ഝാൻസിയുടെ റാണിയായത്. ഇക്കുറി റാണിയില്ലാത്തതുകൊണ്ട് ജ്ഝാൻസിക്ക് 'രാജനേ' കാണൂ! ഇക്കുറി മത്സരത്തിനില്ലെന്ന് ഒരു മാസത്തോളം മുമ്പുതന്നെ ഉമാ ഭാരതി പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രേഖാമൂലം അറിയിച്ചിരുന്നു. കാരണവും വ്യക്തമാക്കി. ഗംഗാതടത്തിൽ താമസിക്കണം, ഗംഗയിലൂടെ മതിയാവോളം സഞ്ചരിക്കണം...
മത്സരിക്കാൻ ഉണ്ടാകില്ലെങ്കിലും അത്യാവശ്യം പ്രചാരണത്തിനൊക്കെ കൂടാമെന്ന് ഉമ പാർട്ടിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഇന്നലെ ബി.ജെ.പി പ്രഖ്യാപിച്ച 24 സ്ഥാനാർത്ഥികളുടെ കൂട്ടത്തിലാണ് ജ്ഝാൻസിയിലേക്ക് അനുരാഗ് ശർമ്മയുടെ പേര് ബി.ജെ.പി പുറത്തുവിട്ടത്. പ്രമുഖ വ്യവസായിയായ അനുരാഗ് ശർമ്മ ആയുർവേദ മരുന്നു നിർമ്മാണരംഗത്ത് വമ്പന്മാരായ ശ്രീ ബൈദ്യനാഥ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് ആണ്.