തിരുവനന്തപുരം: മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു ആ കുരുന്നിന്റെ വിയോഗം. ജീവിച്ചു കൊതി തീരുന്നതിന് മുമ്പ് വേദനകളില്ലാത്ത അച്ഛന്റെ ലോകത്തേക്ക് അവനും യാത്രയായി. മരിക്കുന്നതിന് മുമ്പ് അച്ഛൻ ബിജുവിന്റെ യാത്രകളിലെല്ലാം അവനുമുണ്ടായിരുന്നു. 2006ലാണ് തിരുവനന്തപുരം സ്വദേശിയായ ബിജുവും ഉടുമ്പന്നൂർ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം തിരുവന്തപുരത്തായിരുന്നു ഇരുവരും സ്ഥിരതാമസമാക്കിയത്.
നീണ്ട നാളത്തെ ദമ്പത്ത്യത്തിനൊടുവിൽ ഒരു കുഞ്ഞിക്കാല് കാണാതിരുന്നത് അവരെ നല്ല രീതിയിൽ തളർത്തിയിരുന്നു. ഇതോടെ അമ്പലങ്ങളിലും ആരാധനാലയങ്ങളിലും നേർച്ചകാഴ്ച്ചകൾ കഴിച്ച് അതിയായി പ്രാർത്ഥിച്ചു. അഞ്ചുവർഷത്തിനുശേഷം ദമ്പതികളുടെ ജീവിതത്തിലേക്ക് ആ കുരുന്നു പിറന്നു. ജീവിതം സന്തോഷകരമായി മുന്നേറുന്ന സമയം. ഇതിനിടെ സിഡിറ്റിലെ ജോലി നഷ്ടമായ ബിജു ആലുവയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു ചേർന്നു. ഭാര്യയും കുട്ടികളും അതോടെ ആലുവയിലേക്ക് വന്നു.
ഈ സമയത്തും അരുൺ ആനന്ദിനെ ബിജു ഒരുകൈ അകലത്തിൽ മാത്രമാണ് നിർത്തിയിരുന്നത്. കാരണം അരുണിന്റെ ക്രിമിനൽ സ്വഭാവവും സ്ത്രീകളുമായുള്ള ബന്ധവുമൊക്ക ബിജുവിന് നല്ല രീതിയിൽ അറിയാമായിരുന്നു. ആലുവയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ബിജുവിന്റെ അമ്മായിയമ്മ, അതായത് യുവതിയുടെ അമ്മ വീട്ടിൽ തനിച്ചാണെന്നും തനിക്കൊപ്പം വന്നു നില്ക്കണമെന്നും ആവശ്യപ്പെടുന്നത്.
ഭാര്യയുടെ അമ്മയോട് അതിയായ സ്‌നേഹമുണ്ടായിരുന്ന ബിജു അങ്ങനെ ആലുവയിലെ ജോലി ഉപേക്ഷിച്ച് ഉടുമ്പന്നൂരിലേക്ക് താമസംമാറി. കാറുകൾക്കായി തൊടുപുഴയിൽ ഒരു വർക്ക് ഷോപ്പും തുടങ്ങി. ഈ സമയമൊക്കെ കുടുംബജീവിതം സന്തോഷകരമായിട്ടാണ് പോയിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. യുവതിയുമായി ചെറിയ സൗഹൃദം മാത്രമേ അരുണിന് ഉണ്ടായിരുന്നുള്ളുവെന്ന് ബന്ധുക്കൾ ഓർക്കുന്നു. എന്നാൽ ഈ ബന്ധത്തിന്റെ ആഴം എത്രമാത്രമായിരുന്നുവെന്ന് ഇപ്പോൾ എല്ലാവർക്കും സംശയമുണ്ട്.
കുട്ടികളെ ബിജുവിന് വലിയ ജീവനായിരുന്നു. എല്ലാ യാത്രകളിലും ബിജു കുട്ടികളെ കൂടെ കൂട്ടുമായിരുന്നു. ഭാര്യയെയും കുട്ടികളെയും കൂട്ടി യാത്ര പോകുന്നത് ബിജുവിന് വലിയ ഇഷ്ടമായിരുന്നു. സോഷ്യൽമീഡിയയിൽ കുട്ടികളുമൊപ്പമുള്ളായിരുന്നു ബിജു കൂടുതലും പങ്കുവച്ചിരുന്നത്.