ന്യൂഡൽഹി: ശാരദാ ചിട്ടിത്തട്ടിപ്പ് കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാൻ അനുമതിക്കായി സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചു. അറസ്റ്റിന് തടസമായ കോടതി ഉത്തരവ് പുന:പരിശോധിക്കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.
ബംഗാളിലെ ബിദാൻ നഗർ കമ്മിഷണറായിരിക്കെ, രാജീവ് കുമാർ അവിഹിതമായി പണം നേടാൻ ശാരദാ ഗ്രൂപ്പിനെയും റോസ് വാലി ഗ്രൂപ്പിനെയും സഹായിച്ചതായും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സി.ബി.ഐ സുപ്രീംകോടതിയിൽ പുതുതായി സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കുന്നു. ശാരദാ ചിട്ടി കേസ് സി.ബി.ഐ ഏറ്റെടുക്കും മുമ്പ് അന്വേഷിച്ചത് രാജീവ് കുമാറായിരുന്നു.
ശാരദാ കേസിലെ പ്രധാന പ്രതിയായ സുദീപ്ത സെൻ അടക്കമുള്ളവർക്കെതിരായ തെളിവുകൾ രാജീവ് കുമാർ നശിപ്പിച്ചെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി നിർദ്ദേശപ്രകാരം രാജീവ് കുമാറിനെ സി.ബി.ഐ കഴിഞ്ഞ മാസം ഷില്ലോംഗിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ, അറസ്റ്റ് ചെയ്യരുതെന്ന് കോടതിയുടെ നിർദേശമുണ്ടായിരുന്നു.
മുൻ തൃണമൂൽ എം.പിമാരായ കുനാൽ ഘോഷ്, സ്രിൻജോയ് ബോസ്, കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരം തുടങ്ങിയവരുടെ പേരുകളും ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് കേട്ടിരുന്നു. എന്നാൽ, രാജീവ് കുമാറിന്റെ അന്വേഷണ സംഘം കുനാൽ ഘോഷിനെ മാത്രം കുറ്റക്കാരനാക്കി മറ്റുള്ളവരെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്.
ശാരദ, റോസ് വാലി കേസുകളിലെ രേഖകൾ കാണാതായതു സംബന്ധിച്ച് ചോദ്യം ചെയ്യാൻ സി.ബി.ഐ സംഘം കമ്മിഷണർ ഓഫീസിലെത്തിയതും ബംഗാൾ പൊലീസ് അവരെ കസ്റ്റഡിയിലെടുത്തും വൻ രാഷ്ട്രീയനാടകങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിൽ രാത്രി ധർണ നടത്തുകകയും ചെയ്തു. തുടർന്നാണു സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്.
കൊൽക്കത്ത കമ്മിഷണറെ സ്ഥലം മാറ്റി
ലോക‌്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊൽക്കത്ത പൊലീസ് കമ്മിഷണർ അനൂജ് ശർമ്മയെ ഉൾപ്പെടെ ഏതാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു. മുൻ കമ്മിഷണർ രാജീവ് കുമാറിന് പകരമാണ് അനൂജ് ശർമ്മ ചുമതലയേറ്റത്. മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഡയമണ്ട് ഹാർബർ ജില്ലാ പൊലീസ് മേധാവിയെയും മാറ്റും.