amit-sha

അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗാന്ധി നഗറിൽ നിന്ന് മത്സരിക്കുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ചാണ് കോൺഗ്രസ് പരാതി നൽകിയത്. തെറ്റായ സത്യവാങ്മൂലം സമർപ്പിച്ച അമിത് ഷാക്കെതിരേ നടപടി വേണമെന്നും കോൺഗ്രസ് ആവ്യപ്പെട്ടു.

രണ്ടു സുപ്രധാന വിവരങ്ങൾ സത്യവാങ്മൂലത്തിൽ അമിത് ഷാ മറച്ചുവച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഗാന്ധിനഗറിലെ പുരയിടത്തിന്റെ വിവരവും മകനുവേണ്ടി ജാമ്യംനിന്ന വായ്പയുടെ വിവരവും അമിത് ഷാ മറച്ചുവെച്ചുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതിനുപുറമേ അമിത്ഷായുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിച്ചെന്നും പരാതിയിൽ പറയുന്നു. സർക്കാർ മാനദണ്ഡമനുസരിച്ച് 66.5 ലക്ഷം രൂപയോളം മൂല്യംവരുന്ന വസ്തുവകൾക്ക് വെറും 25 ലക്ഷം മാത്രം മൂല്യമുള്ളുവെന്നാണ് അമിത് ഷാ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

സത്യവാങ്മൂലത്തിൽ നിന്ന് നിർണായക വിവരങ്ങൾ മറച്ചുവച്ചതും വിവരങ്ങൾ തെറ്റായി നൽകിയതും മനഃപൂർവമെന്നാണ് കോൺഗ്രസിന്റെ ആരോപണം. വ്യാജ സത്യവാങ്മൂലം നല്‍കിയ അമിത് ഷായെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും അദ്ദേഹത്തിനെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.