കോഴിക്കോട്: കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ എം.പിക്കെതിരായ ഒളികാമറ വിവാദത്തിന്റെ അന്വേഷണം വൈകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകി. രണ്ട് അന്വേഷണമാണ് നടക്കുന്നത്. രാഘവനെതിരെ നൽകിയ പരാതിയിൽ കോഴിക്കോട് അഡിഷണൽ പൊലീസ് സൂപ്രണ്ടിന്റേതും രാഘവൻ നൽകിയ പരാതിയിൽ കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടേതും.
തന്റെ ശബ്ദം ഡബ്ബ് ചെയ്തു കയറ്റിയതാണെന്ന വാദത്തിൽ രാഘവൻ ഉറച്ച് നിൽക്കുകയാണ്. മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എ.കെ. ജമാലുദ്ദീൻ ഇന്നലെ രാഘവന് നോട്ടീസ് നൽകി. എന്നാൽ എന്ന് ഹാജരാവാൻ സാധിക്കുമെന്ന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നേരത്തെ നിശ്ചയിച്ചത് കാരണം ഒഴിവ് ലഭിക്കുന്ന അവസരത്തിൽ ഹാജരാവാമെന്നാണ് അറിയിച്ചത്.
വാർത്തയുടെ കാസറ്റ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി വി 9 ഭാരത് വർഷ് ചാനൽ അധികൃതരിൽ നിന്ന് ലഭിച്ചാലേ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയയ്ക്കാനാവൂ. പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ ഒരു നിഗമനത്തിൽ എത്താൻ സാധിക്കുകയുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. രാഘവനെ ചോദ്യം ചെയ്യേണ്ടിയും വരും. കുറ്റം തെളിഞ്ഞാൽ തിരഞ്ഞെടുപ്പിൽ ജയിച്ചാലും അയോഗ്യനാക്കാൻ സാധിക്കും.
രാഘവനെതിരെ ഇടത് നേതാക്കളാണ് പരാതി നൽകിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്നാണ് പ്രധാന പരാതി. ഇതിലും രാഘവന്റെ മൊഴി എടുക്കണം. അദ്ദേഹം മുൻ നിലപാടിൽ ഉറച്ച് നിന്നാൽ ഫോറൻസിക് ലാബ് റിപ്പോർട്ടിനെ ആശ്രയിക്കുക മാത്രമാണ് ഏക പോംവഴി.
ശാസ്ത്രീയ പരിശോധന വേണം:
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം : എം.കെ. രാഘവനെതിരായ പരാതിയിൽ ജില്ലാ കളക്ടറും ഡി.ജി.പിയും പ്രാഥമിക റിപ്പോർട്ട് നൽകിയെങ്കിലും ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധന വേണമെന്നും, അതിനാൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. തെറ്റുകാരനാണെന്നു ബോദ്ധ്യപ്പെട്ടാൽ നടപടിയുണ്ടാകും. ആരോപണങ്ങളിൽ കഴമ്പില്ലെന്നു കണ്ടാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടിയുണ്ടാകും. ചാനൽ വാർത്ത എതിരാളികൾ പ്രചാരണായുധമാക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് നിയമ നടപടി സ്വീകരിക്കാം. ആരോപണങ്ങൾ ശരിയാണെന്ന് പരിശോധനയിൽ വ്യക്തമാകുന്നതിനു മുൻപ്, വിഷയം പ്രചാരണ ആയുധമാക്കുന്നതിനെതിരെ എന്തു ചെയ്യാൻ കഴിയുമെന്ന് കമ്മിഷൻ ആലോചിക്കും.
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് എൽ.ഡി.എഫ് കൺവീനർ വിജയരാഘവനെതിരെ നൽകിയ പരാതിയിലും വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗിനെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശം തെറ്റാണ്. ഇതിൽ നടപടിയെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. പരാതി കിട്ടിയാൽ പരിശോധിക്കും.