ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൗത്താംപ്ടണെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് ലിവർപൂളിന് തകർപ്പൻ ജയം മത്സരത്തിന്റെ അവസാന പത്ത് മിനിറ്റിലാണ് രണ്ട് ഗോളടിച്ച് ലിവർ വിജയം ഉറപ്പിച്ചത്. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാം സ്ഥാന്നത്തെത്താൻ ലിവറിനായി. അതേ സമയം സിറ്റിക്ക് ലിവറിനെക്കാൾ ഒരു മത്സരം കുറച്ചെ കളിച്ചിട്ടുള്ളു.
സൗത്താംപ്ടണിന്റെ തട്ടകമായ സെന്റ് മേരിസിൽ നടന്ന മത്സസരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ ഷേൻ ലോംഗിന്റെ ഗോളിൽ ആതിഥേയർ മുന്നിലെത്തി. തുടക്കത്തിലെ ഗോൾ വഴങ്ങേണ്ടി വന്നത് ലിവർപൂളിനെ ഞെട്ടിച്ചെങ്കിലും പതറാതെ പോരാടിയ അവർ മുപ്പത്തിയാറാം മിനിറ്റിൽ നബി കെയ്റ്റ നേടിയ ഗോളിൽ സമനില പിടിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ലിവറിന്റെ മുന്നേറ്റങ്ങളെ ശക്തമായി ചെറുത്ത സൗത്താംതാംപ്ടൺ എൺപത് മിനിറ്റുവരെഗോൾ വഴങ്ങാതെ പിടിച്ചു നിന്നു.എൺപതാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ഈജിപ്ഷ്യൻ സൂപ്പർസ്റ്രാർ മുഹമ്മദ് സലയാണ് ലിവർപൂളിന്റെ വിജയ ഗോൾ നേടിയത്. ജോർദാൻ ഹെൻഡേഴ്ണിന്റെ പാസാണ് സല ഗോളാക്കി മാറ്റിയത്. തുടർന്ന് 86-ാം മിനിറ്രിൽ ഹെൻഡേഴ്സൺ ലിവറിന്റെ വിജയ മുറപ്പിച്ച ഗോൾ നേടുകയായിരുന്നു. പതിനെട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹെൻഡേഴ്സൺ ലിവറിനായി ഗോൾ നേടുന്നത്.
33 മത്സരങ്ങളിൽ നിന്ന് 82 പോയിന്റാണ് ലിവർപൂളിനിപ്പോഴുള്ളത്. ലിവറിനെക്കാൾ ഒരു മത്സരം കുറച്ച് കളിച്ച രണ്ടാം സ്ഥാനത്തുള്ള സിറ്രിക്ക് 80 പോയിന്റാണുള്ളത്.
മറ്രൊരു മത്സരത്തിൽ ലെസ്റ്റർ സിറ്രി 4-1ന് ഹഡ്ഡേഴ്സ് ഫീൽനെ കീഴടക്കി, പെനാൽട്ടിയിൽ നിന്നുൾപ്പെടെ ജാമി വാർഡി നേടിയ ഇരട്ടഗോളുകളാണ് ലെസ്റ്ററിന് ഗംഭീര ജയമൊരുക്കിയത്. ടൈലേമൻസ്, മാഡിസൺ എന്നിവർ ലെസറ്ററിനായി ഓരോ ഗോൾ വീതം നേടി. ആരോൺ മൂയിയായാണ് ഹഡ്ഡേഴ്സ് ഫീൽഡിനായി പെനാൽറ്റിയിലൂടെ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ബേൺലി 3-1ന് ബേൺമൗത്തിനെയും ക്രിസ്റ്റൽ പാലസ് ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂകാസിലിനെയും കീഴടക്കി.